തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് പ്രൊഫസര്‍ എസ് സുനില്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്ക് കാമ്പസില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാംവര്‍ഷ നാടക ബിരുദ വിദ്യാര്‍ത്ഥിനിയെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് പരാതി. അധ്യാപകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയിന്മേല്‍ ബലാത്സംഗക്കുറ്റം ചുമത്തി അധ്യാപകനെതിരെ കേസെടുത്തെങ്കിലും അറസ്റ്റുള്‍പ്പെടെയുളള നടപടികളുണ്ടാവുന്നില്ലെന്നാണ് ആരോപണം.
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ താല്‍ക്കാലിക അധ്യാപകന്‍ രാജ വാര്യര്‍ ക്ലാസില്‍ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി കോളേജിലെ ഗ്രീവന്‍സ് സെല്ലില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ധാര്‍മ്മിക പിന്തുണയുമായെത്തിയ സുനില്‍കുമാര്‍ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇയാള്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് സംസാരിക്കുകയും ചെയ്തു. അധ്യാപകന്റെ മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാവതെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിഷയത്തില്‍ പൊലീസിന്റെ സമീപനം മോശമായിരുന്നെന്നും പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ആദ്യം എടുത്ത പരാതിയില്‍ പൊലീസ് തയാറാക്കിയ എഫ് ഐ ആറില്‍ രാജാ വാര്യരെയാണ് പ്രതിയാക്കിയത്. സുനില്‍കുമാര്‍ ചെയ്ത കുറ്റകൃത്യങ്ങളെ ചൂണ്ടിക്കാണിക്കുകയോ എഫ് ഐ ആര്‍ എഴുതുകയോ ചെയ്തിട്ടില്ല. പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥിനിയോട് സ്‌റ്റേഷന്‍ എസ് ഐ മോശമായി പെരുമാറിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. വിഷയത്തില്‍ സുനില്‍ കുമാറിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികള്‍ സമരം തുടരുകയാണ്.