കൊല്ലം: രാഷ്ട്രീയ പ്രവര്‍ത്തനം സ്വത്തും പണവും സമ്പാദിക്കാനാണ് എന്ന് കരുതുന്ന നേതാക്കള്‍ക്ക് മുന്പില്‍ വലിയ പോഴത്തക്കാരനാണ് സിപിഎമ്മിന്റെയും സി ഐ ടി യുവിന്റെയും മുതിര്‍ന്ന നേതാവ് പി കെ ഗുരുദാസന്‍. അടുപ്പമുള്ളവര്‍ സ്നേഹപൂര്‍വ്വം ഗുരു എന്ന് വിളിക്കുന്ന പികെ ഗുരുദാസന്‍ നീണ്ടകാലം അധികാര സ്ഥാനങ്ങളിലും പാര്‍ട്ടിയുടെ ഉന്നത ഭാരവാഹിത്വത്തിലും ഇരുന്നിട്ടുണ്ട്. എന്നാല്‍ തന്റെ 87-ാം വയസ്സിലും സ്വന്തമായി ഒരു വീടുണ്ടായിട്ടില്ല. ഇപ്പോള്‍ ഭാര്യയുടെ വിഹിതമായി കൊല്ലം കിളിമാനൂര്‍ നഗരൂരിലെ പേടിക്കുളത്ത് ലഭിച്ച 10 സെന്റ് ഭൂമിയിലാണ് വീട് ഉയരുന്നത്. വ്യാപകമായി പിരിവെടുക്കാതെ അടുത്ത സഖാക്കളാണ് ഗുരുവിന്‍റെ വീട് നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നത്. വീടുപണി ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും 2006- 2011 കാലത്ത് വി എസ് അച്ചുതാനന്ദന്‍ മന്ത്രിസഭയില്‍ തൊഴില്‍, എക്സൈസ് മന്ത്രിയുമായിരുന്ന പി കെ ഗുരുദാസന്‍ ഭാര്യ ലില്ലയുമൊത്ത് എ കെ ജി സെന്ററിനു സമീപം പാര്‍ട്ടി ഫ്ലാറ്റിലാണ് ഇപ്പോള്‍ താമസിക്കുന്നത്. പ്രായാധിക്യം മൂലം ഈ സമ്മേളനത്തോടെ അദ്ദേഹം ഭാരവാഹിത്വത്തില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിയും. അതോടെ പുതുതായിവരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മുഴുവന്‍ സമയ ഭാരാഹികള്‍ക്കും വേണ്ടി ഫ്ലാറ്റ് ഒഴിഞ്ഞുകൊടുക്കണം. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനും ഭാര്യക്കും താമസിക്കാനായി സഖാക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വീട് വെച്ചുനല്‍കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദീര്‍ഘകാലം സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയും കശുവണ്ടി തൊഴിലാളി നേതാവുമായിരുന്ന ഗുരുദാസന്‍ അക്കാലത്ത് പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസിനു സമീപം വാടകവീട്ടിലായിരുന്നു താമസം. രണ്ടു പെണ്മക്കളുടെ വിവാഹം കഴിഞ്ഞത് ആ വാടക വീട്ടില്‍ വെച്ചാണ്. ഇളയമകളുടെ വിവാഹം ഗുരു മന്ത്രി പദത്തിലിരിക്കുമ്പോഴായിരുന്നു. മന്ത്രി മന്ദിരത്തില്‍ വെച്ചുതന്നെയാണ് ആ ലളിതമായ വിവാഹച്ചടങ്ങ് അദ്ദേഹം നടത്തിയത്. ഇപ്പോള്‍ സ്വന്തമായി വീടോരുങ്ങുമ്പോള്‍ ഗുരുവിന് ഒറ്റ ആഗ്രഹം മാത്രമേയുള്ളൂ തന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ക്കും സഖാക്കള്‍ക്കും ഒപ്പം ഇടപഴകാന്‍ പാകത്തില്‍ സൌകര്യമുള്ള വീടായിരിക്കണം. ഈ ആഗ്രഹം കണ്ടറിഞ്ഞ് വായനാമുറിയും ഓഫീസ് മുറിയും പ്രത്യേകം സജ്ജീകരിച്ച 1700 സ്ക്വയര്‍ ഫീറ്റ് ഒറ്റനില വീടാണ് അദ്ദേഹത്തിന് ജീവിത സായന്തനം ചെലവഴിക്കാന്‍ ഒരുക്കുന്നത്.