കോഴിക്കോട്: സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പരാതി നല്കി എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഫാത്തിമ തഹിലിയ. സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സനാണ് പരാതി നല്‍കിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഗുരുതരവും പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുളളതുമാണ് എന്ന് ഫാത്തിമ തഹിലിയ പരാതിയില്‍ പറയുന്നു. തന്റെ ഫേബ്സുക്ക് അക്കൗണ്ടിലൂടെയാണ് പരാതി നല്കിയ വിവരം അവര്‍ പുറത്തുവിട്ടത്.
'പാര്‍ട്ടി കമ്മിറ്റിയില്‍ 50 ശതമാനം സ്ത്രീസംവരണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ ഈ പാര്‍ട്ടി കമ്മിറ്റിയെ തകര്‍ക്കാനാണോ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ഇത് പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിനുതുല്യമാണ്. കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊളളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'-എന്നാണ് വനിതാ കമ്മീഷന് അയച്ച പരാതിയില്‍ ഫാത്തിമ തഹിലിയ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സി പി എം സംസ്ഥാന സമ്മേളനത്തിനിടെയായിരുന്നു കോടിയേരി ബാലകൃഷ്ണന് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്. പാര്‍ട്ടി കമ്മിറ്റിയില്‍ 50 ശതമാനം സ്ത്രീ പ്രാധിനിത്യമുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുകയാണോ എന്ന് ചിരിച്ചുകൊണ്ട് മറുപടി പറയുകയായിരുന്നു കോടിയേരി. എല്ലാ കമ്മിറ്റികളിലും വനിതാ പ്രാധിനിത്യം വര്‍ധിച്ചിട്ടുണ്ടെന്നും പ്രായോഗികമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.