LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംപ്രേഷണ വിലക്കിനെതിരായ മീഡിയാ വൺ ഹർജി വ്യാഴാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

ഡല്‍ഹി: മീഡിയാ വണ്ണിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സംപ്രേക്ഷണ വിലക്കിനെ അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ജി എത്രയും വേഗം പരിഗണിക്കമെന്ന് മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് ആവശ്യപ്പെട്ടത്. ആദ്യം വെള്ളിയാഴ്ചയാണ് വാദം കേള്‍ക്കുകയെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് കേസ് വ്യാഴാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. 

സംപ്രേക്ഷണ വിലക്കിനെതിരായ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മീഡിയ വണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. സംപ്രേഷണ വിലക്ക് റദ്ദ് ചെയ്യണമെന്നാവശ്യപ്പട്ടുള്ള ചാനലിന്‍റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മാർച്ച് രണ്ടിനാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസുമാരായ ഷാജി, പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍  ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. അന്ന് തന്നെ മീഡിയ വണ്‍ സുപ്രീം കോടതിയില്‍ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജനുവരി 31-ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി ഫെബ്രുവരി എട്ടിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയത്. തുടര്‍ന്നാണ് ചാനല്‍ അപ്പീല്‍ ഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മീഡിയാ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞത്. മീഡിയാ വണ്ണിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും ഇക്കാര്യം വ്യക്തമാക്കുന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുണ്ട് എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ എന്താണ് ചാനലിന് വിലക്കേര്‍പ്പെടുത്താനുളള കാരണമെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ചാനലിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ പറഞ്ഞത്. കേസില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ സംപ്രേക്ഷണം പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന് ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അനുവാദം നല്‍കിയിരുന്നില്ല.

Contact the author

Web Desk