LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യസഭയിലേക്കില്ല ; പാര്‍ലമെന്ററി രാഷ്ട്രീയം ഞാന്‍ എന്നേ ഉപേക്ഷിച്ചതാണ്- വി എം സുധീരന്‍

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. എ കെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുത് എന്ന് സുധീരന്‍ പറഞ്ഞു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. 'ഒരു അഭ്യര്‍ത്ഥന, ശ്രീ എ കെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തെ തന്നെ ഞാന്‍ വിട പറഞ്ഞിട്ടുളളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല. അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകള്‍ക്കിടയില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന'-വി എം സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

എ കെ ആന്റണി രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താനുളള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. മുന്‍ കേന്ദ്രമന്ത്രിയും കെ പി സി സി പ്രസിഡന്റുമായിരുന്ന മുല്ലപ്പളളി രാമചന്ദ്രന്‍, ഇടതുപക്ഷം വിട്ട് കോണ്‍ഗ്രസിലെത്തിയ ചെറിയാന്‍ ഫിലിപ്പ്, വി ടി ബല്‍റാം തുടങ്ങിയ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് പതിനാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് ഇരുപത്തിയൊന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസം. മാര്‍ച്ച് 31-നായിരിക്കും രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. അന്നുതന്നെ വോട്ടെണ്ണലും നടക്കും. പഞ്ചാബ്, കേരളം, അസം, ഹിമാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ എ കെ ആന്റണി (കോണ്‍ഗ്രസ്), കെ സോമപ്രസാദ് (സി പി ഐ എം), എം വി ശ്രെയാംസ് കുമാര്‍ (എല്‍ ജെ ഡി) എന്നിവരുടെ കാലാവധി പൂര്‍ത്തിയാവുകയാണ്. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Contact the author

Web Desk