'എന്റെ കഥ' പ്രസിദ്ധീകരിച്ചതിനുശേഷം കമലാ സുരയ്യ (മാധവിക്കുട്ടി) യുടെ ജീവിതത്തില്‍ ധാരാളം തിക്താനുഭവങ്ങളുണ്ടായെന്ന് മകന്‍ മാധവ് ദാസ് നാലപ്പാട്ട്. കമലാ സുരയ്യ എഴുതിയതിനും പറഞ്ഞതിനുമെല്ലാം അനന്തരഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവരുടെ കാഴ്ച്ചപ്പാടിലുളള ജീവിതത്തോടും ലോകത്തോടുമുളള വിയോജിപ്പുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരുന്നു എന്നും എം ഡി നാലപ്പാട്ട് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
'അമ്മയുടെ കാഴ്ച്ചപ്പാടിലുളള ലോകം, ജീവിതം തുടങ്ങിയവയോടുളള വിയോജിപ്പുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് വന്നുകൊണ്ടിരുന്നു. 1973-ലായിരുന്നു 'എന്റെ കഥ' മലയാളനാടില്‍ പ്രസിദ്ധീകരിച്ചുവരാന്‍ തുടങ്ങിയത്. അന്നുമുതല്‍ അശ്ലീലമായ ഫോണ്‍വിളികളോ സന്ദേശങ്ങളോ കത്തുകളോ ഇല്ലാത്ത ദിവസങ്ങള്‍ അമ്മയുടെ ജീവിതത്തില്‍ ഇല്ലായിരുന്നു. അമ്മയ്ക്ക് അടുത്തറിയാവുന്ന ആളുകളില്‍ നിന്നുവരെ തിക്താനുഭവങ്ങളുണ്ടായിട്ടുണ്ട്. അവരുടെ എഴുത്തുകളും വാക്കുകളും അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അന്ന് അമ്മയുടെ എഴുത്തിനെയും നിലപാടുകളെയും പിന്തുണച്ച് കൂടെ ശക്തമായി നിലകൊണ്ട ചുരുക്കം ചില സൗഹൃദങ്ങള്‍ അമ്മയ്ക്ക് ബലമായി കൂടെയുണ്ടായിരുന്നു'-എം ഡി നാലപ്പാട്ട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു കനേഡിയന്‍ എഴുത്തുകാരി കമലാ സുരയ്യയെക്കുറിച്ച് ഇല്ലാക്കഥകള്‍ എഴുതിയുണ്ടാക്കിയെന്നും എം ഡി നാലപ്പാട്ട് പറഞ്ഞു. അമ്മയുടെ അവസാന കാലഘട്ടത്തിലായിരുന്നു ആ എഴുത്തുകാരി അമ്മയുടെ യഥാര്‍ത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പുസ്തകം എഴുതിയത്. സ്വാതന്ത്ര്യം നിലനിര്‍ത്താനായി ജീവിതകാലം മുഴുവന്‍ പോരാടിയ, സ്ത്രീത്വത്തിന്റെ ശാക്തീകരണത്തിന് കരുത്തേകിയ ഒരു വ്യക്തിയെ എല്ലാത്തരം സ്വാധീനങ്ങള്‍ക്കും വിധേയയാകുന്ന സ്ത്രീയായാണ് ആ പുസ്തകത്തില്‍ ചിത്രീകരിച്ചിരുന്നത്. അത് ഞങ്ങളെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു.
അവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും പുസ്തകം നിരോധിക്കാന്‍ നടപടികളുമായി മുന്നോട്ടുപോകണമെന്നും പലരും നിര്‍ദേശിച്ചു. എന്നാല്‍ സണ്‍ഡേ ഗാര്‍ഡിയനില്‍ കോളത്തില്‍ എഴുതിയാണ് ഞാന്‍ പ്രതികരിച്ചത്. മനുസ്മൃതി സ്ത്രീകളോട് അനുശാസിക്കുന്ന കാര്യങ്ങളെ അമ്മ ജീവിതാവസാനം വരെ നിരാകരിച്ചിരുന്നു. സ്ത്രീകള്‍ പിതാക്കന്മാരെയും ഭര്‍ത്താവിനെയും മകനെയും അനുസരിച്ച് ജീവിക്കുക എന്നതായിരുന്നു അത്. ആ കോളത്തില്‍ ഞാന്‍ ഊന്നല്‍ കൊടുത്തതും ഇക്കാര്യത്തിനായിരുന്നു- എം ഡി നാലപ്പാട്ട് കൂട്ടിച്ചേര്‍ത്തു.