എറണാകുളം: അങ്കണ്‍വാടികള്‍ വഴി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തി. എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയലിലുളള കുടുംബശ്രീ യൂണിറ്റില്‍ ഉല്‍പ്പാദിപ്പിച്ച അമൃതം പൊടിയിലാണ് വിഷാംശം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ അഫ്‌ളടോക്‌സിന്‍ ബി 1 എന്ന വിഷവസ്തുവാണ് കണ്ടെത്തിയത്. ഇവിടെ ഉല്‍പ്പാദിപ്പിച്ച രണ്ടായിരം കിലോ അമൃതം പൊടി വിതരണം നടത്തിയിട്ടില്ല. വിഷാംശം കണ്ടെത്തിയ കുടുംബശ്രീ എടയ്ക്കാട്ടുവയല്‍ യൂണിറ്റിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ പി മുരളി പറഞ്ഞു. സംസ്ഥാന തലത്തില്‍ കുടുംബശ്രീ യൂണിറ്റുകളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമൃതം പൊടി നിര്‍മ്മിക്കാനുപയോഗിക്കുന്ന നിലക്കടലയില്‍ നിന്ന് ഉണ്ടായ ഫംഗസില്‍ നിന്നാണ് വിഷവസ്തുവുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പൊടി നിര്‍മ്മിക്കാനായി ഉപയോഗിച്ച ധാന്യങ്ങളുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. കരളിനുണ്ടാകുന്ന അര്‍ബുദമടക്കമുളള അസുഖങ്ങള്‍ക്ക് അഫ്‌ളടോക്‌സിന്‍ ബി കാരണമാകാറുണ്ട്. കുട്ടികളുടെ ശരീരത്തിന് ഹാനികരമാകുന്ന വിഷവസ്തുവാണ് കണ്ടെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
സാധാരണ അമൃതം പൊടിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാറുണ്ടെങ്കിലും പൊടിയില്‍ വിഷാംശം കണ്ടെത്തുന്നത് ഇതാദ്യമായാണ് എന്നാണ് കുടുംബശ്രീ അധികൃതര്‍ പറയുന്നത്. അമൃതം പൊടിയുടെ ഗുണനിലവാരം ഉറപ്പാക്കാനുളള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കുടുംബശ്രീ മിഷന്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു.