ഗുരുഗ്രാം: മുന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ, മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കിള്‍ ഷൂമാക്കര്‍ എന്നിവര്‍ക്കെതിരെ ഗുരുഗ്രാമില്‍ കേസ്. വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഡല്‍ഹിയിലെ ഛത്തർപൂർ മിനി ഫാമിൽ താമസിക്കുന്ന ഷഫാലി അഗർവാളാണ് ഇരുവര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഷറപ്പോവയുടെ പേരിലുള്ള ഒരു പ്രോജക്റ്റില്‍ ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ 2016 ല്‍ പണി പൂര്‍ത്തിയാകേണ്ട അപ്പാര്‍ട്ട്മെന്‍റിന്‍റെ പണി ഇതുവരെ പൂര്‍ത്തിയായില്ല. പ്രോജക്ടിലെ ഒരു ടവറിന് ഷൂമാക്കറുടെ പേരാണ് നല്‍കിയിരിക്കുന്നതെന്നും ഷഫാലി തന്‍റെ പരാതിയില്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ പരസ്യങ്ങളിലൂടെ തട്ടിപ്പിന് കൂട്ടുനിന്നുവെന്നുമാണ് ഷഫാലി ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരസ്യങ്ങളിലൂടെയാണ് പുതിയ പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. പ്രോജക്ടിന്‍റെ ചിത്രങ്ങളും നിരവധി വ്യാജ വാഗ്ദാനങ്ങളും നല്‍കിയാണ് കമ്പനി സമീപിച്ചതെന്നും യുവതി പരാതിയില്‍ പറഞ്ഞു. പ്രോജക്ടിന്‍റെ പണിയാരംഭിച്ചപ്പോള്‍ ഷറപ്പോവ അവിടെ സന്ദര്‍ശിക്കുകയും, അവിടെ ടെന്നീസ് അക്കാദമി സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്നും യുവതി തന്‍റെ പരാതിയില്‍ പറയുന്നു. 80 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഷഫാലി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി ലഭിച്ചയുടന്‍ കേസ് രജിസ്ടര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തുവെന്ന് ഗുരുഗ്രാം പോലീസ് പറഞ്ഞു.