LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്നേഹമാണ് സമ്പത്തെങ്കില്‍ കേരളം കണ്ട ഏറ്റവും സമ്പന്നനായ നേതാവ് എ കെ ജിയാണ് - പിണറായി വിജയന്‍

എ.കെ.ജി.യുടെ ഓര്‍മ്മ ദിനത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കർഷകരും തൊഴിലാളികളും ഉൾപ്പെട്ട ദരിദ്രജനവിഭാഗത്തിൻ്റെ വിമോചനത്തിനായി സ്വജീവിതം ഉഴിഞ്ഞു വച്ച ത്യാഗനിർഭര രാഷ്ട്രീയജീവിതമായിരുന്നു എ.കെ.ജിയുടേത്. ആ മൂന്നക്ഷരങ്ങൾ പോരാട്ടവീറിൻ്റേയും സ്നേഹത്തിൻ്റേയും കമ്മ്യൂണിസത്തിൻ്റേയും പര്യായമായി ഇന്നും ജനകോടികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളിൽ നിന്നും ലഭിക്കുന്ന ആത്മാർഥമായ സ്നേഹമാണ് ഏറ്റവും മൂല്യവത്തായ സമ്പത്തെങ്കിൽ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യൻ സഖാവ് എകെജി ആയിരിക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇന്ന് എ.കെ.ജി ദിനം. 'പാവങ്ങളുടെ പടത്തലവൻ' എന്ന വിശേഷണം അന്വർത്ഥമാക്കിയ വിപ്ലവകാരിയായിരുന്നു സഖാവ് എ കെ ഗോപാലൻ. കർഷകരും തൊഴിലാളികളും ഉൾപ്പെട്ട ദരിദ്രജനവിഭാഗത്തിൻ്റെ വിമോചനത്തിനായി സ്വജീവിതം ഉഴിഞ്ഞു വച്ച ത്യാഗനിർഭര രാഷ്ട്രീയജീവിതമായിരുന്നു എ.കെ.ജിയുടേത്. ആ മൂന്നക്ഷരങ്ങൾ പോരാട്ടവീറിൻ്റേയും സ്നേഹത്തിൻ്റേയും കമ്മ്യൂണിസത്തിൻ്റേയും പര്യായമായി ഇന്നും ജനകോടികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

എ.കെ.ജി യോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമാണ്. ജനങ്ങളോടുള്ള ആ സ്നേഹവും ജനങ്ങൾ എ.കെ.ജിയിലർപ്പിച്ച വിശ്വാസവും അനുപമമാണ്. തലശ്ശേരി കലാപത്തിനു ശേഷം വർഗീയ ശക്തികൾക്കെതിരെ ജനമൈത്രിയും മതസൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതിനായി എ.കെ.ജി നേതൃത്വം നൽകിയ പര്യടനവുമായി ബന്ധപ്പെട്ടുണ്ടായ ഒരു അനുഭവം ഓർക്കുകയാണ്. ആ യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. 

തുടർച്ചയായ പൊതുപരിപാടികളും സുദീർഘ പ്രസംഗങ്ങളും നിരന്തര യാത്രയും എ.കെ.ജിയെ തീർത്തും അവശനാക്കിയിരുന്നു. തലശ്ശേരി കൊടുവള്ളിക്കടുത്ത് ഒരു പര്യടനവേദിയിൽ എത്തിയപ്പോൾ കുറച്ചു സഖാക്കൾ വന്ന് കൊടുവള്ളിപ്പാലത്തിനു സമീപം എ.കെ.ജിയെ കാത്ത് ഒരു കൂട്ടമാളുകൾ നിൽക്കുന്നുണ്ടെന്നും അവിടെ ചെന്ന് സംസാരിക്കണമെന്നും അഭ്യർത്ഥിച്ചു. എ.കെ.ജിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത്, മുൻകൂട്ടി നിശ്ചയിച്ച പൊതുയോഗം അടുത്തുള്ളപ്പോൾ അവിടെയുള്ളവർ ഇങ്ങോട്ടു വന്നാൽ മതിയെന്ന് ഞാൻ അല്പം പരുഷമായിത്തന്നെ ആ സഖാക്കളോടു പറഞ്ഞു. 

ആ സംഭാഷണത്തിൻ്റെ ചെറിയ ഭാഗം ശ്രവിക്കാനിടയായ എ.കെ.ജി കാര്യമെന്തെന്ന് എന്നെ അടുത്ത് വിളിച്ചു തിരക്കി. വിവരമറിഞ്ഞയുടൻ ആരോഗ്യത്തെക്കുറിച്ചുള്ള ഞങ്ങളുടെ ഉത്കണ്ഠകളെയൊക്കെ അവഗണിച്ച് അദ്ദേഹം അപ്പോൾ തന്നെ കൊടുവള്ളിയിലേക്ക് പോവുകയും സാധാരണയിലും സുദീർഘമായി ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. അവരുടെ വിഷമങ്ങളും ആശങ്കകളും കേൾക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അതുകഴിഞ്ഞ് അധികം വൈകാതെ നേരത്തേ നിശ്ചയിച്ച പൊതുപരിപാടിയിലും സജീവമായിത്തെന്ന പങ്കെടുത്തു. യഥാർത്ഥത്തിൽ ഒരു പ്രസംഗം നടത്താൻ പോലുമുള്ള ആരോഗ്യമില്ലാതിരുന്നിട്ടും ജനങ്ങളുടെയും സഖാക്കളുടെയും ആവശ്യത്തിന് മുന്നിൽ എ.കെ.ജി സ്വയം സമർപ്പിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള എണ്ണമറ്റ അനുഭവങ്ങൾ ഞാനുൾപ്പെടെയുള്ള എ.കെ.ജിയുടെ സഖാക്കൾക്കും ഈ നാട്ടിലെ ജനങ്ങൾക്കും ഓർത്തെടുക്കാൻ ഉണ്ടാകും. ജനങ്ങൾക്കു വേണ്ടി അവർക്കൊപ്പം നിന്ന് പ്രവർത്തിക്കുന്നതിൽ എ.കെ.ജി ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. അദ്ദേഹത്തിൻ്റെ നിസ്വാർത്ഥവും സുധീരവുമായ ജീവിതം മനുഷ്യൻ്റെ പരിമിതികളെയൊക്കെ ഉല്ലംഘിക്കും വിധം ഉജ്ജ്വലമായിരുന്നു. കറകളഞ്ഞ മനുഷ്യസ്നേഹവും അടിയുറച്ച കമ്മ്യൂണിസ്റ്റ് ആദർശവും ആയിരുന്നു അതിന് എ.കെ.ജിയെ പ്രാപ്തമാക്കിയത്. അതുകൊണ്ടു തന്നെ നിസ്സീമമായ സ്നേഹം ജനങ്ങൾ അദ്ദേഹത്തിനു തിരിച്ചും നൽകി. ജാതിമതരാഷ്ട്രീയാതീതമായി കേരളത്തിൻ്റെയാകെ നേതാവായി സഖാവ് എ.കെ.ജി സ്വീകരിക്കപ്പെട്ടു.

"ജനങ്ങളിൽ നിന്നും ലഭിക്കുന്ന ആത്മാർഥമായ സ്നേഹമാണ് ഏറ്റവും മൂല്യവത്തായ സമ്പത്തെങ്കിൽ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യൻ സഖാവ് എകെജി ആയിരിക്കും" എന്ന് എ.കെ.ജിയെ ഓർക്കുമ്പോഴൊക്കെ മനസ്സിൽ ഉറപ്പിക്കാറുണ്ട്. എ.കെ.ജിയുടെ സ്‌മരണകൾ ഏറ്റവും പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിന്നു കടന്നു പോകുന്നത്. വർഗീയ-വിഭാഗീയ ശക്തികൾക്കെതിരെ ജനാധിപത്യവിശ്വാസികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് അദ്ദേഹത്തിൻ്റെ ജീവിതം പകർന്ന പാഠങ്ങൾ വഴികാട്ടിയാകും. എ.കെ.ജി രചിച്ച ഉജ്ജ്വല സമരഗാഥകൾ കരുത്തു പകരും. ഇന്ന് എ.കെ.ജി ദിനത്തിൽ സഖാവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ഐക്യത്തോടെയും ആത്‌മവിശ്വാസത്തോടെയും നാടിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. അഭിവാദ്യങ്ങൾ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More