കൊച്ചി: വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന സിനിമയില്‍ മികച്ച അഭിനയമാണ് നവ്യാ നായര്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് നടി ഭാവന. 'ചിത്രം ഒരുപാട് ഇഷ്ടമായി. അതിനെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. ത്രില്ലടിച്ച് തിയേറ്ററിലെ ഒരു കസേരയുടെ മൂലയിലിരുന്നാണ് സിനിമ കണ്ട് തീര്‍ത്തത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നവ്യയെ സ്ക്രീനില്‍ കാണുന്നത്. മലയാളത്തിലെ ഒരു മികച്ച നടിയാണ് നിങ്ങളെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. രാധാമണിയെ അതിഗംഭീരമായി സ്ക്രീനില്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചു. വിനായകന്, സൈജു കുറുപ്പ്, ആദിത്യ എന്നിവരുടെയും അഭിനയവും വളരെ മികച്ചതായിരുന്നുവെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഭാവന കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മാര്‍ച്ച് 18- നാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി ചിത്രം തീയറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. നിരവധി താരങ്ങളും നവ്യാ നായര്‍ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു. 'ദ ഫയര്‍ ഇന്‍ യു' എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങിയത്. സിനിമയില്‍ ബോട്ടിലെ കണ്ടക്ടറായി ആണ് നവ്യ നായര്‍ എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ഒരുത്തീ നിര്‍മ്മിച്ചിരിക്കുന്നത്. വിനായകന്, സൈജു കുറുപ്പ്, കെ പി എസി ലളിത, സന്തോഷ്, മുകുന്ദന് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രചിച്ചിരിക്കുന്നത്.