ഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട തന്ത്രങ്ങളും ബിജെപിയെ പരാജയപ്പെടുത്താന്‍ നടത്തേണ്ട നീക്കങ്ങളെയും സംബന്ധിച്ച് പ്രശാന്ത് കിഷോറും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തിയെന്നാണ് വിവരം. പ്രചാരണത്തിനുള്ള അജണ്ട എങ്ങനെ സെറ്റ് ചെയ്യണം എന്നതിനാണ് പ്രധാന ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഗുജറാത്തില്‍ ഹാര്‍ദ്ദിക്ക് പട്ടേലും ദളിത് വിഭാഗത്തില്‍ നിന്നുള്ള ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഈ സാധ്യതകളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തിരികെ അധികാരത്തില്‍ എത്തിക്കാനുളള നീക്കങ്ങളാണ് പ്രശാന്ത് കിഷോര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ വര്‍ഷം അവസാനമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയും പ്രശാന്ത് കിഷോറും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും പ്രശാന്ത് കിഷോറും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ നടന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വേണ്ടി പ്രശാന്ത് കിഷോര്‍ നടത്തിയ നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഗുജാറാത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമൊന്നുമായിട്ടില്ല. അതേസമയം, രാഹുലും പ്രശാന്ത് കിഷോറും കൂടിക്കാഴ്ച്ച നടത്തിയെന്ന വാർത്ത പ്രശാന്ത് കിഷോറുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല.