LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വി എസിനെ ചെങ്കൊടി പാറുന്ന പാര്‍ട്ടി കോണ്‍ഗ്രസ് തെരുവിലേക്ക് കൊണ്ടുവരൂ സഖാക്കളെ- ജി ശക്തിധരന്‍

സിപിഐഎം  രൂപീകൃതമായിട്ട് വരുന്ന ഏപ്രിൽ 11 ന്  58 വർഷം തികയുകയാണ്. അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്ന് നേതൃത്വത്തോട് ഇടഞ്ഞ് യോഗം ബഹിഷ്ക്കരിച്ച് പുറത്തിറങ്ങിയ 32 പേരാണ് ആന്ധ്രപ്രദേശിലെ തെന്നാലിയിൽ യോഗം ചേർന്ന്  സി പി ഐ എം രൂപീകരിച്ചത്. അക്കൂട്ടത്തിൽ അവശേഷിക്കുന്നത് ശ്രീ വി എസ് അച്യുതാനന്ദൻ മാത്രം. പാർട്ടിയുടെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ ചേരുമ്പോൾ എന്തുകൊണ്ടാണ് അതിന്റെ സ്ഥാപകരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവായ ശ്രീ വി എസ്സിനെ മാത്രം പാർട്ടി നേതൃത്വം തമസ്കരിക്കുന്നത്? ശ്രീ വി എസ് അനാരോഗ്യം മൂലം വിശ്രമത്തിലാണെന്ന്  ജനങ്ങൾക്ക്  അറിയാം. കണ്ണൂരിലടക്കം ശ്രീ പിണറായി വിജയൻറെ ആയിരക്കണക്കിന് കട്ടൗട്ടുകളും ബോർഡുകളും നാട്ടുമ്പോൾ എന്തുകൊണ്ടാണ് കേരളത്തിലെങ്ങും വി എസ്സിനെ പുറത്തുകാണിക്കാതെ തുടച്ചുനീക്കിയത്. ഇതെന്താ ഇപ്പോൾ ആരെങ്കിലും കോടികൾ കൊടുത്ത് വാങ്ങി എടുത്തതാണോ ഈ പാർട്ടി.   

ഈ പ്രസ്ഥാനം പുന്നപ്ര വയലാറിലെയും കയ്യൂരിലെയും മറ്റും മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്ന രക്തസാക്ഷികൾ മുളപ്പിച്ചെടുത്തതാണെന്ന് വിശ്വസിച്ചത് തെറ്റായിരുന്നോ? പാർട്ടി നേതൃത്വത്തിലേക്ക് സമീപകാലത്ത് വന്ന മുഹമ്മദ് റിയാസിന്റെ പ്രാധാന്യം പോലും ശ്രീ വി എസിനില്ലേ? ശ്രീ വി എസ് ഒരു പുരുഷായുസിന്റെ മുഴുവൻ ഭാഗവും ദരിദ്ര ജനതയ്ക്കും കുടികിടപ്പുകാർക്കും തൊഴിലാളികൾക്കും അശരണർക്കും വേണ്ടി ഉഴിഞ്ഞുവെച്ച നേതാവല്ലേ? ഇനി എത്ര പാർട്ടി കോൺഗ്രസ് അദ്ദേഹം അതിജീവിക്കും. മനുഷ്യന് കൽപ്പാന്തകാലം ജീവിക്കാനാകില്ലല്ലോ. അത് ഓർമ്മയുണ്ടെങ്കിൽ ശാരീരിക അവശതകാരണം കൂട്ടിലടക്കപ്പെട്ട ഈ സിംഹത്തോട് ഇങ്ങിനെ നന്ദികേട് കാട്ടാമോ?

ക്ഷീണിതനായ ഒരാളെ പരിചരിക്കാൻ ഒരു കുടുംബത്തിന് കഴിഞ്ഞെന്നുവരാം. തെരുവുകളിൽ സിംഹ ഗർജ്ജനമായിരുന്ന നേതാവിനെ അദ്ദേഹത്തിന്റെ പാർട്ടി തന്നെ ഇങ്ങിനെ ക്രൂരമായി അവഗണിക്കുമ്പോൾ അത് കണ്ട് കയ്യടിക്കുന്നത്, തുള്ളിച്ചാടുന്നത് അദ്ദേഹം പോരാടി തോൽപ്പിച്ച കരുത്തരായ വർഗ്ഗശത്രുക്കളാണ്. പാർട്ടി നേതൃത്വം അതാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിൽ മറ്റൊന്നും ചിന്തിക്കാനില്ല. പക്ഷെ ചരിത്രം ഒരിക്കലും അങ്ങനെ അവസാനിക്കാറില്ല. മനുഷ്യന് മദ്യം കൊടുത്തും മയക്കുമരുന്ന് കൊടുത്തും കോടികൾ സമ്പാദിച്ചു കൂട്ടിയവരുടെ അന്ത്യം നാം കാണാറില്ലേ. അല്ലെങ്കിൽ അവരുടെ പിൻഗാമികൾ എവിടെ കിടന്നാണ് ചാവുന്നതെന്ന് നാം കാണുന്നുണ്ടല്ലോ. പ്രകൃതിക്ക് ചില നിയമങ്ങൾ ഉണ്ട്. മറക്കണ്ട.  

കഴിഞ്ഞ ആറു ദശാബ്ദം ഈ പാർട്ടിയെ എല്ലാ പ്രതിസന്ധിഘട്ടത്തിലും നയിച്ച ശ്രീ വി എസ്സിനോട് ഈ അനീതികാണിച്ചിട്ട് ലക്ഷക്കണക്കിന് കേരളത്തിലെ പാർട്ടി അംഗങ്ങളിൽ ഒരാൾ പോലും എന്തുകൊണ്ടാണ് അതിനെ ചോദ്യം ചെയ്യാത്തത്. വാതുറന്നാൽ, മന്ത്രിമാരായാലും എം എൽ എ മാരായാലും പാർട്ടി നേതാക്കളായാലും  ഓരോ അഞ്ചുവരി പ്രസംഗിക്കുമ്പോഴും ഒരു വട്ടമെങ്കിലും എല്ലാത്തിനും കാരണഭൂതൻ എന്നുപറഞ്ഞു ഒരാളെ പുകഴ്ത്തിയിരിക്കണമെന്ന അലിഖിത നിയമമുള്ള  നാടാണല്ലോ കേരളം. ഇതിനാണോ കേരളത്തിലെ പാർട്ടിയിൽ വിഭാഗീയത ഇല്ലെന്ന് വീമ്പടിക്കുന്നത്. ഒരു പാർട്ടിയാകെ വിഭാഗീയതയുടെ കൊടിക്കൂറയണിഞ്ഞു നിൽക്കുമ്പോൾ മറ്റൊരു വിഭാഗീയതയെ തപ്പിനോക്കേണ്ടകാര്യമില്ലല്ലോ. വിഭാഗീയതയുടെ  അടിത്തറയിൽ മാത്രം കെട്ടിപ്പടുത്ത പാർട്ടിയും ബഹുജനസംഘടനകളുമേ  ഇന്ന് കേരളത്തിലുള്ളൂ  എന്ന് പറഞ്ഞാൽ ഒരു അസുരചക്രവർത്തിയും സമ്മതിച്ചു തരില്ല എന്ന് അറിയാം. 

പിണറായിയുടെ നാട്ടിൽ പിണറായിയാ നമഃ എന്ന്  ജപിപ്പിക്കുകയോ? കേരളത്തിലും ഒരു ഹിരണ്യകശിപുവോ ?  ഇന്നത്തെ സിപിഎമ്മിൽ വിഭാഗീയതയില്ല.! പ്രത്യയശാസ്ത്ര പ്രതിസന്ധിയില്ല! സംഘടനയ്ക്ക് ഏക ശിലാരൂപം! സ്വയംവിമർശനവും വിമർശനവും ജോറായി നടക്കുന്നു!  ഗൗരിയമ്മയുടെയും എം വി രാഘവന്റെയും  കാലത്തെന്നപോലെ ഒരു  ഗ്രൂപ്പ്  മറ്റൊരു ഗ്രൂപ്പിനെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമേ ഇല്ല! എല്ലാം തീരുമാനങ്ങളും തള്ളുന്നതും കൊള്ളുന്നതും ഏകകണ്ഠം.! എന്നിട്ടും ദോഷൈകദൃക്കുകൾ പറയും പാർട്ടിയിൽ  തിരുവായ്ക്ക് എതിവായ് ഇല്ലെന്ന്! ഇതാണല്ലോ പതിവായി കേൾക്കുന്ന പല്ലവി.  

മാർക്സിസ്റ്റ് പാർട്ടിയുടെ സംഘടനാപരമായ അടിത്തറയെ കുറിച്ച് ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണല്ലോ സിപി എമ്മിന്റെ നാല് ലക്ഷത്തിലേറെ അംഗങ്ങൾ വി എസിനെ എല്ലാ പ്രചാരണ ബോർഡുകളിൽ നിന്ന് തൂത്തെറിഞ്ഞിട്ടും മൗനം ഭജിക്കുന്നത്. ഒരു മനുഷ്യനെ ജീവനോട് വെച്ചുകൊണ്ട്  ഇങ്ങിനെ അണികളെക്കൊണ്ട് പകവീട്ടിപ്പിച്ചു ആനന്ദിക്കാൻ ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിൽ ഒരാൾക്കേ കഴിയൂ. ഒരേ ഒരാൾക്ക് മാത്രം. "വി എസിന് ഇനി ചെയ്യാനുള്ളത്  ശര ശയ്യയിൽ കിടന്നുകൊണ്ട് തന്റെ തെറ്റുകൾ തിരുത്താൻ  ശ്രമിക്കുകയാണ്. നല്ല കമ്മ്യുണിസ്റ്റ് ആയി മാറാനുള്ള അവസരമാണിത്." ഇങ്ങിനെ ഉപദേശിച്ചു ശവത്തിൽ കുത്താതിരിക്കുന്നതിൽ  നന്ദി പറയണം.  ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് പാർട്ടി സ്ഥാപിച്ചവർ, പടുത്തുയർത്തിവർ അവസാനം ഒന്നുമല്ലാതായി തീരുക എന്നത് ചരിത്രനിയോഗമാണ്.

1848 ൽ മാർക്‌സും ഏംഗൽസും എഴുതിയതു "ലോകത്തെങ്ങുമുള്ള  തൊഴിലാളികളെ നഷ്ടപ്പെടാൻ ഒന്നുമില്ല. ഒരു ലോകമാകെ കിട്ടാനുണ്ട്" എന്നാണല്ലോ. അതിൽ ഒരു വാചകം കേരളത്തിലെ തെരഞ്ഞെടുപ്പ്  മാനിഫെസ്റ്റോ വഴി കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് പുതിയ മാർക്സിസ്റ്റ് ആചാര്യന്മാരുടെ ഭാഷ്യം. "നമ്മുടെ ലൈൻ സിൽവർ ലൈൻ" എന്നതാണത്രേ ആ വാചകം. ജനങ്ങളുടെ ആശാകേന്ദ്രമാണ് ഇന്ന് സിൽവർ ലൈൻ എന്ന ഈ പാർട്ടി ട്രെയിൻ. കേരളത്തിൽ ആദ്യത്തെ കമ്മ്യുണിസ്റ്റ് ഗവർമെണ്ട് നിലവിൽ വന്നപ്പോൾ പാർലമെണ്ടറി പ്രവർത്തനത്തിലൂടെ സോഷ്യലിസത്തിലേക്ക് നീങ്ങുക എന്ന "കേരളമോഡൽ" രൂപപ്പെട്ടതായും  അത് റിവഷനിസ്റ്റ് കാഴ്ചപ്പാടാണെന്നും ഇ എം എസ് എഴുതി. ഇന്നത്തെ സിപിഐയെ മാർക്സിസ്റ്റ് വിരുദ്ധ  ഗവർമെന്റിന്റെ നേതാവാക്കി മാറ്റിയത് ഈ' കേരളം മോഡൽ' പ്രചാരണമാണെന്നും അന്ന്  ഇ എം എസ് പഠിപ്പിച്ചു. ഇത് തന്നെയല്ലേ കെ റയിൽ പദ്ധതിയാണ് കേരളത്തിന്റെ ഏക  വികസന മാതൃകയായി കൊട്ടിഘോഷിക്കുമ്പോഴും സംഭവിക്കുന്നത് എന്ന് പഠിപ്പിക്കാൻ ഇന്ന് നമുക്ക് ഒരു ഇ എം എസ് ഇല്ലാതെപോയി. ഇപ്പോൾ  മുറിമൂക്കൻ രാജാവായി. ഇന്നത്തെ പാർട്ടിയുടെ കുറവ്  പ്രത്യയശാസ്ത്രത്തിന്റെ കുറവാണെന്ന് ബോധ്യമുള്ള ഒരു ഇ എം എസിനെ  ഇനി എങ്ങിനെ കിട്ടും. 

"വളരെയധികം പേര് പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോകുന്നതിനും പ്രത്യയശാസ്ത്രപരമായി ഉറച്ച അകക്കാമ്പ് കെട്ടിപ്പടുക്കുന്നതിലുള്ള പരാജയത്തിന്റെ കാരണങ്ങളിലൊന്ന് ഒരുപക്ഷെ ഈ പ്രത്യയശാസ്ത്രത്തിന്റെ കുറവാണ്. "എന്ന് എഴുതിയ ഇ എം എസിനും ഇനി പുതിയ ചരിത്രത്തിൽ ഇടം കിട്ടണമെന്നില്ല. കമ്മ്യുണിസ്റ്റ് ഇന്റർനാഷണലിന്റെ കീഴിലാണല്ലോ ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാർട്ടി രൂപംകൊണ്ടത്. അത് പിന്നീട് സിപിഐ യുടെ കീഴിലായി. വീണ്ടും രണ്ടായി പിളർന്ന് സി പി ഐ, സിപി എം എന്നീ പാർട്ടികളായി. വിവിധ സംസ്ഥാങ്ങളിലെ കമ്മ്യുണിസ്റ്റ് പാർട്ടികൾ പ്രവർത്തിച്ചത് കേന്ദ്രീകൃത ദേശീയ നേതൃത്വത്തിന്റെ കീഴിലാണ്. വീണ്ടും സിപിഎമ്മിൽ മാറ്റം വന്നിരിക്കുന്നു ഇപ്പോൾ കേരള സിപിഎമ്മിന്റെ കീഴിലാണ് ഇന്ത്യയിലെ സിപിഎം. വി എസ്സിന്റെ അന്ത്യയാത്രയാകുന്നതോടെ സാമ്രാജ്യത്വം,  മുതലാളിത്തം, ബൂർഷ്വാസി, വർഗസമരം, റിവിഷനിസം, തൊഴിലാളി വർഗം, വിപ്ലവ പാർട്ടി, വിപ്ലവബോധം, ചൂഷകവർഗം, വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം, മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം, അർത്ഥശാസ്ത്രം, സാൽക്കിയ പ്ലീനം തുടങ്ങിയ പദാവലികൾ മാർക്സിസ്റ്റ് നിഘണ്ടുവിൽ നിന്ന് തുടച്ചുനീക്കപ്പെടും. വിശ്രമത്തിൽ നിന്ന് വി എസ് ഇന്ന് പൊടുന്നനെ കണ്ണൂരിൽ എത്തി എന്ന് സങ്കൽപ്പിക്കുക, ചെങ്കൊടികൾ പാറുന്ന ആ തെരുവുകൾ കാണുമ്പോൾ സഖാവിന്റെ കണ്ണുകൾ ആനന്ദബാഷ്പം പൊഴിക്കും. എങ്കിലും ഈ പ്രസ്ഥാനത്തിന് ബീജാബാപം ചെയ്ത തന്നോട് കാട്ടുന്ന കൊടും ക്രൂരതയെ ഈ ജനനായകന് എങ്ങിനെ താങ്ങാനാകും സഖാക്കളേ? എനിക്ക് മാർക്സിസ്റ്റ് വിരുദ്ധൻ എന്ന സൈബർ സഖാക്കളുടെ കരിമുദ്ര വീണ്ടും കിട്ടാൻ ഇത്രയും പോരെ!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 2 weeks ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 2 weeks ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More