കോട്ടയം: ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട വാരികയായിരുന്ന 'മംഗളം' പ്രസിദ്ധീകരണം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. എണ്‍പതുകളുടെ പകുതി വരെ ഏഷ്യയില്‍തന്നെ ഏറ്റവും പ്രചാരമുളള വാരികയായിരുന്നു മംഗളം. എന്നാല്‍ ടെലിവിഷന്റെ വരവോടെ ജനങ്ങളുടെ വായനാശീലം കുറയുകയും പതിയെ വായനക്കാരുടെ താല്‍പ്പര്യം സീരിയലുകളിലേക്കും റിയാലിറ്റി ഷോകളിലേക്കും മാറുകയും ചെയ്തു. ഇതോടെ വരിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും മംഗളം പ്രസിദ്ധീകരണം തുടര്‍ന്നുപോന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളായി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മംഗളം അടച്ചുപൂട്ടലിന്റെ വക്കിലാണ്. കൊവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റ് വില കുതിച്ചുയര്‍ന്നതുമാണ് മംഗളം വാരികയെ പെട്ടെന്നുള്ള അടച്ചുപൂട്ടലിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
1969-ല്‍ എം സി വര്‍ഗീസാണ് മംഗളം വാരിക സ്ഥാപിക്കുന്നത്. കോട്ടയത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മംഗളത്തിന് 1985-ല്‍ 17 ലക്ഷത്തോളം വരിക്കാരുണ്ടായിരുന്നു. ഏഷ്യയിലെ ഏറ്റവുമധികം വരിക്കാരുളള വാരിക എന്ന മംഗളത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇന്നേവരെ ഒരു വാരികയ്ക്കും കഴിഞ്ഞിട്ടില്ല. സാധാരണക്കാരായ ജനങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വാരികയാണ് മംഗളം. കോട്ടയം പുഷ്പനാഥ്, ജോയ്‌സി, ജോസി വാഗമറ്റം തുടങ്ങിയ എഴുത്തുകാരുടെ നൂറുകണക്കിന് തുടരന്‍ നോവലുകള്‍ വായിക്കാന്‍ ഒരു കാലത്ത് വായനക്കാര്‍ മംഗളം വാരികയ്ക്കായി കാത്തുകെട്ടിക്കിടന്നത് ചരിതമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വായനക്കാരുടെ ക്യാന്‍സര്‍ വാര്‍ഡ്, ഭവന രഹിതര്‍ക്ക് വീടുകള്‍, സ്ത്രീധന രഹിത സമൂഹ വിവാഹം തുടങ്ങി നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മംഗളം വാരികയാണ് തുടക്കം കുറിച്ചത്. കൊവിഡ് പ്രതിസന്ധിയുടെ കാലത്തും മംഗളം വാരികയുടെ വില പത്തുരൂപയായിരുന്നു. വില ഉയര്‍ത്തിയാല്‍ പിടിച്ചുനിര്‍ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ മാനേജ്‌മെന്റി വില ഉയര്‍ത്തിയെങ്കിലും മറ്റ് പ്രസിദ്ധീകരണങ്ങള്‍ വില വര്‍ധിപ്പിക്കാതിരുന്നതോടെ മാനേജ്‌മെന്റ് പിന്മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.