തിരുവനന്തപുരം: കോണ്‍ഗ്രസിന് അയിത്തം കല്‍പ്പിച്ചുകൊണ്ട് ബിജെപിയെ തോല്‍പ്പിക്കാനാവില്ലെന്ന് സാമാന്യം രാഷ്ട്രീയബോധമുളള ആര്‍ക്കും മനസിലാവുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച് സംഘപരിവാറിന് അകമ്പടി പാടുന്ന പ്രഖ്യാപനമാണ് സി പി എം കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തിയതെന്നും നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുളള അന്തര്‍ധാരയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ബിജെപിക്ക് ബദലായി ഇന്ന് രാജ്യത്ത് വിശ്വസ്തയുളള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. ആ കോണ്‍ഗ്രസുമായി സഹകരണമോ സഖ്യമോ ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിനിടെ സി പി എം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്ലാതെ ബിജെപിയെ തോല്‍പ്പിക്കാനാവില്ലെന്ന് സാമാന്യ രാഷ്ട്രീയബോധമുളളവര്ക്ക് അറിയാം. കേവല രാഷ്ട്രീയ യുക്തിയെ കൊഞ്ഞനം കുത്തുന്ന പ്രഖ്യാപനമാണ് പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായത്. കോണ്‍ഗ്രസ് വിരുദ്ധത മാത്രമുളള സി പി എമ്മിന്റെ കേരള ഘടകത്തിന്റെ കയ്യിലായിപ്പോയി കേന്ദ്ര നേതൃത്വം എന്നത് രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യ ചേരി വളര്‍ത്തിക്കൊണ്ടുവരുന്നതിന് തന്നെ തടസമായിരിക്കുകയാണ്'- രമേശ് ചെന്നിത്തല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേരളത്തിലെ പ്രതിപക്ഷ വോട്ടുകള്‍ ചിതറിയതാണ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും എല്‍ ഡി എഫ് അധികാരത്തിലെത്താന്‍ കാരണമായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയോട് കടപ്പെട്ടിരിക്കുകയാണെന്നും ആ കടപ്പാടാണ് സി പി എം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.