ചലച്ചിത്ര താരം കലിംഗ ശശി (59) അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. കരള്‍ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു. തകരച്ചെണ്ട എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാളചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് കേരളാ കഫേ, വെള്ളിമൂങ്ങ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിൻറ് തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 1998-ലാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. 'തകരച്ചെണ്ട'യെന്ന, അധികമാരും കാണാത്ത സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന്, അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകത്തിലേക്ക് തിരിച്ചുപോയി. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും വെളളിത്തിരയില്‍ തിരിച്ചെത്തി. സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്.
പ്രഭാവതിയാണ് ഭാര്യ. പിതാവ്: ചന്ദ്രശേഖരൻ നായർ, മാതാവ്: സുകുമാരി.