പാലക്കാട്: പാലക്കാട് മേലാമുറിയില്‍ അക്രമിസംഘം കൊലപ്പെടുത്തിയ ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ പൊലിസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. സംഘത്തിലെ ആറ് പേരെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്രതികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകളില്‍ ഒരെണ്ണത്തിന്റെ നമ്പര്‍ സംബന്ധിച്ച് പൊലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്.
ഏറ്റവും എളുപ്പത്തില്‍ കൊലപാതകം നിര്‍വഹിക്കാം എന്ന ഒറ്റക്കാര്യം മാത്രമാണ് കൊലയാളികള്‍ ശ്രീനിവാസനിലേക്ക് തിരിയാന്‍ കാരണം എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പത്ത് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാണ്. നഗരത്തില്‍ തന്നെയുള്ളവരില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ കൃത്യം നടത്താന്‍ പ്രദേശത്തെ കുറിച്ച് തികഞ്ഞ ധാരണയുള്ളവര്‍ക്ക് മാത്രമേ സാധിക്കൂ എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
പാലക്കാട്ടെ നിലവിലെ സ്ഥിതി ചര്‍ച്ചചെയ്യാനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ഇന്നലെ (ശനി) രാത്രി ഉയര്‍ന്ന പൊലിസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാല്‍ കടുത്ത പൊലിസ് വിന്യാസമാണ് ജില്ലയില്‍ നടത്തിയിട്ടുള്ളത്. അഡീഷണല്‍ ഡി ജി പി വിജയ് സാഖറെ പാലക്കാട്ടെ പൊലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. കൊല്ലപ്പെട്ട ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ കറുകോടി ശ്മശനത്തില്‍ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.