ഡല്‍ഹി: മറ്റൊരു രാജ്യത്തെ ഇത്തരത്തില്‍ ഭീഷണി പ്പെടുത്തുന്ന ഒരു പ്രസിഡന്റിനെയോ രാജ്യത്തേയോ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന തന്റെ നയതന്ത്ര ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.
മരുന്നു വിതരണം മുടങ്ങിയതിന് ഇന്ത്യയെ ഭീഷണിപ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടിയെ പരാമര്‍ശിച്ചാണ് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന് കൂടിയായ ശശി തരൂര്‍ ട്വീറ്ററില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഇന്ത്യന്‍ ഹൈഡ്രോക്സിക്ലോറോക്വിനെ കുറിച്ച് ''ഞങ്ങള്‍ക്കുള്ള 'സപ്ലൈ' എന്നുപറയാന്‍ നിങ്ങള്‍ക്കെന്തവകാശം മിസ്റ്റര്‍ പ്രസിഡന്റ് , ഇന്ത്യ നിങ്ങള്‍ക്ക് വില്ക്കാന് തീരുമാനിക്കുമ്പോള്‍ മുതല്‍ മാത്രമാണ് അത് നിങ്ങള്‍ക്കുള്ള സപ്ലൈയായി മാറുന്നത്''- ശശി തരൂര്‍ ട്വീറ്ററില്‍ തുടരുന്നു.
കോവിഡ് -19 ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉള്‍പ്പെടെ 24 മരുന്നുകളുടെ കയറ്റുമതിയിലാണ് കൊറോണ വ്യാപന സാഹചര്യത്തില്‍ ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇതിനെതിരെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭീഷണിയുമായി രംഗത്തെത്തിയത്.