LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജിഗ്നേഷ് മേവാനിയെ കാണണമെന്നാവശ്യപ്പെട്ട് സി പി ഐ എം എംഎല്‍എയുടെ കുത്തിയിരിപ്പ് സമരം

ഗുവാഹത്തി: അസം പൊലീസിന്റെ കസ്റ്റഡിയിലുളള കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ജിഗ്നേഷ് മേവാനിയെ കാണാന്‍ കുത്തിയിരിപ്പ് സമരം നടത്തി സി പി ഐ എം എംഎല്‍എ മനോരഞ്ജന്‍ താലൂക്ക്ദാര്‍. എം എല്‍ എയും അസമിലെ പാര്‍ട്ടി പ്രവര്‍ത്തകരും ജിഗ്നേഷ് മേവാനിയെ സന്ദര്‍ശിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് അനുവാദം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് എം എല്‍ എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ഒടുവില്‍ മേവാനിയെ കാണാന്‍ അവര്‍ക്ക്  പൊലീസ് അനുവാദം നല്‍കുകയുമായിരുന്നു. 

അതേസമയം,  അസമിലെ കോക്‌റാജ്ഹര്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിപക്ഷ നേതാക്കള്‍ ജിഗ്നേഷ് മേവാനിയെ കണ്ടു. സ്റ്റേഷനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മേവാനിയുടെ അറസ്റ്റ് അന്യായമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ മോദി സര്‍ക്കാരിനും ബിജെപിക്കുമെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും മേവാനിയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുജറാത്തിലെ ജിഗ്നേഷ് മേവാനിയുടെ സ്വാധീനം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ ബിജെപിയുടെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ എ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും എം എല്‍ എയുമായ ജാക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഗുജറാത്തില്‍ ബിജെപി തോല്‍ക്കുമ്പോള്‍ മോദിയുടെ ആത്മവിശ്വാസം തകരുമെന്നും ഗുജറാത്തിലെ മിക്ക പ്രദേശങ്ങളിലും ജിഗ്നേഷ് മേവാനിക്ക് വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ഇരുപതിന് രാത്രി പതിനൊന്നരയോടെ പലന്‍പൂരിലെ വീട്ടില്‍ നിന്നായിരുന്നു ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ട്വീറ്റിന്റെ പേരിലായിരുന്നു അറസ്റ്റ്.  'ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ത്ഥിക്കണം' എന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. അസം ബിജെപി നേതാവ് അനൂപ് ദേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്.  

Contact the author

National Desk