പാലക്കാട്: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് തൃശൂരില്‍. ഷൊര്‍ണൂരിനടുത്ത് പൈങ്കുളത്തുവെച്ച് വൈകീട്ട് 5.30 ഓടെയായിരിക്കും സംസ്‌കാരം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ പാലക്കാട് ശേഖരീപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടക്കുക. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയായിരുന്നു ശങ്കരനാരായണന്റെ അന്ത്യം. 90 വയസായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി ചികിത്സയിലായിരുന്നു.
മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ്, അസം, അരുണാചല്‍ പ്രദേശ് ഗോവ എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളിലും ഗവര്‍ണറായിരുന്ന മലയാളി എന്ന ബഹുമതി കെ ശങ്കരനാരായണന്റെ പേരിലാണ്. 1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു. യുഡിഎഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1932 ഒക്ടോബര്‍ 15-ന് ഷൊര്‍ണൂരിലാണ് കെ ശങ്കരനാരായണന്‍ ജനിച്ചത്. വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷൻ്റെ പ്രവർത്തകനായിരുന്നു പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി. പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിൻ്റെ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോടും 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു.