ഡല്‍ഹി: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കാന്‍ പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിരുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസിനെ പ്രിയങ്ക നയിക്കണമെന്നുമായിരുന്നു പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാവുന്നതിനോടായിരുന്നു താല്‍പ്പര്യം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2024-ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആവശ്യം പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം നിരാകരിച്ചിരുന്നു. 'കോണ്‍ഗ്രസില്‍ചേര്‍ന്ന് തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയുടെ നിര്‍ദേശം വിനയപൂര്‍വ്വം നിരസിക്കുകയാണ്. തന്നേക്കാള്‍ പാര്‍ട്ടിക്ക് ഇപ്പോഴാവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. പാര്‍ട്ടിക്കുളളിലെ പ്രശ്നങ്ങള്‍ വിപ്ലവകരമായ മാറ്റത്തിലൂടെ തിരുത്തേണ്ടതുണ്ട്'- എന്നാണ് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ സ്വതന്ത്ര്യമായി തീരുമാനങ്ങളെടുക്കാനുളള അനുവാദം വേണമെന്ന പ്രശാന്ത് കിഷോറിന്റെ ആവശ്യമാണ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാക്കിയത്. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുമ്പോള്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയപാര്‍ട്ടികളുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയതും മുതിര്‍ന്ന നേതാക്കളുടെ അതൃപ്തിക്ക് കാരണമായി.