ഡല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ (പി കെ) കോണ്‍ഗ്രസില്‍ ചേരില്ലെന്ന് ചര്‍ച്ചകളുടെ ആദ്യ ദിനം തന്നെ രാഹുല്‍ ഗാന്ധി പ്രവചിച്ചിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കി മറ്റ് പാര്‍ട്ടികളെ സ്വാധീനിക്കാന്‍ പ്രശാന്ത് കിഷോര്‍ ആഗ്രഹിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ കരുതിയിരുന്നെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം എംപവേർഡ് കോൺഗ്രസ് കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റിന്റെ ചുമതല പ്രശാന്ത് കിഷോറിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. ' പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസില്‍ ചേരാന്‍ അവസരം നല്‍കിയെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം എന്‍ ഡി ടി വിയോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രശാന്ത് കിഷോര്‍ ആഗ്രഹിച്ചത് പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനമോ വൈസ് പ്രസിഡന്റ് സ്ഥാനമോ ആണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്ന് രാഹുല്‍ ഗാന്ധി ആദ്യമുതല്‍ തന്നെ പ്രവചിച്ചിരുന്നു. ആദ്യമായിട്ടല്ല കോണ്‍ഗ്രസ് അദ്ദേഹത്തിന് സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുവാന്‍ എട്ടുതവണ കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടുണ്ട്.
പ്രശാന്ത് കിഷോറാണ് കോണ്‍ഗ്രസിനെ പുനര്‍ജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി നേതാക്കളെ സമീപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രശാന്ത് കിഷോറിന് കാര്യമായ പരിഗണ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും പദ്ധതി അവതരിപ്പിക്കുകയും ചെയ്തതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങളെ തള്ളി പ്രശാന്ത് കിഷോറിനോട് അടുപ്പമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.