LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദളിതുകള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജിഗ്നേഷ് മേവാനി ഗുജറാത്തില്‍ ബന്ദ് പ്രഖ്യാപിച്ചു

അഹമ്മദാബാദ്: 2016-ല്‍ ഉനയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ദളിതര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് ഗുജറാത്ത് എം എല്‍ എ ജിഗ്നേഷ് മേവാനി. ദളിതര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ജൂണ്‍ ഒന്നിന് ഗുജറാത്തില്‍ ബന്ദ് നടത്തുമെന്നും മേവാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ട്വീറ്റിന്റെ പേരില്‍ അസം പൊലീസ് അറസ്റ്റ് ചെയ്ത മേവാനി ജാമ്യം ലഭിച്ചതിനുശേഷം അഹമ്മദാബാദിലെ വഡാജ് ഏരിയയില്‍ രാംദേവ് പിര്‍ നോ ടെക്രോയില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.

2016 ജൂലൈ പതിനൊന്നിനായിരുന്നു ഗോഹത്യ ആരോപിച്ച് ദളിത് യുവാക്കളെ തല്ലിച്ചതച്ച് വാഹനത്തില്‍ കെട്ടിവലിച്ചത്. ഇരുമ്പുകോലും വടികളും ഉപയോഗിച്ച് യുവാക്കളെ മര്‍ദ്ദിക്കുകയും പാതി നഗ്നരാക്കി റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയതിനുശേഷം രാജ്യത്ത് ദളിതർക്കെതിരായ അതിക്രമങ്ങള്‍ കൂടിക്കൂടി വരികയായിരുന്നു. 2016-ലെ സംഭവത്തോടെ രാജ്യമാകെ അത് തുറന്നുകാട്ടപ്പെടുകയും കേന്ദ്രസർക്കാരിനെതിരെ വലിയ പ്രതിഷേധം ഇരമ്പുകയും ചെയ്തു. അന്നുമുതല്‍ ദളിത് സമരങ്ങളുടെ മുഖമായി മാറിയ നേതാവാണ് ജിഗ്നേഷ് മേവാനി. 

'എന്തുകൊണ്ടാണ് അസം പൊലീസ് ഇത്രയധികം ദൂരെയുളള ഗുജറാത്തിലെത്തി ഇവിടുത്തെ സിറ്റിംഗ് എം എല്‍ എയെ അറസ്റ്റ് ചെയ്തതെന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകാം. രാജ്യത്തുടനീളം ആര്‍ എസ് എസിനും ബിജെപിക്കുമെതിരെ ശക്തമായി പോരാടുകയും ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും ആര്‍ എസ് എസിന്റെ ശാഖകളില്‍ പോകരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ് അവര്‍ എന്നെത്തേടി വന്നത്. വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അഭ്യര്‍ത്ഥിക്കണം എന്നുമാത്രമാണ് മോദിയോട് ഞാന്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്. ആ ട്വീറ്റ് ഒരിക്കലും ഡിലീറ്റ് ചെയ്യില്ല'- മേവാനി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അറസ്റ്റിലായപ്പോള്‍ കൂടെനിന്ന് പിന്തുണ നല്‍കിയ ഡല്‍ഹിയിലെയും ഗുജറാത്തിലെയും അസമിലെയും കോണ്‍ഗ്രസ് നേതൃത്വത്തോടും പ്രവര്‍ത്തകരോടും ജിഗ്നേഷ് മേവാനി നന്ദി പറഞ്ഞു. രാഹുല്‍ ഗാന്ധി എനിക്കുവേണ്ടി അര്‍ധരാത്രിയില്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചയാളാണ്. അദ്ദേഹം എനിക്കൊപ്പം ശക്തമായി നില്‍ക്കണമെന്ന് പാര്‍ട്ടിയിലെ എല്ലാ നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു. പുറത്തിറങ്ങുന്നതുവരെ അവര്‍ എനിക്കുവേണ്ട പിന്തുണ നല്‍കുകയും കൂടെ നില്‍ക്കുകയും ചെയ്തു'- മേവാനി കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ഇരുപതിനാണ് നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ഗുജറാത്തിലെ പലന്‍പൂരിലെത്തി അസം പൊലീസ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അഭ്യര്‍ത്ഥിക്കണം എന്നായിരുന്നു മേവാനിയുടെ ട്വീറ്റ്. ഇതിനെതിരെ അസമിലെ ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 25-ന് അദ്ദേഹത്തിന് ഈ കേസില്‍ ജാമ്യം ലഭിച്ചു. എന്നാല്‍ ജാമ്യം ലഭിച്ച് നിമിഷങ്ങള്‍ക്കുളളില്‍ പൊലീസുകാരിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അദ്ദേഹത്തെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രില്‍ മുപ്പതിനാണ് ഈ കേസിലും ജാമ്യം ലഭിച്ച് ജിഗ്നേഷ് മേവാനി ജയില്‍ മോചിതനായത്.

Contact the author

National Desk