തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബംഗാളിനെ പരാജയപ്പെടുത്തി കപ്പടിച്ച കേരളാ ടീമിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പാരിതോഷികം. ഫൈനലില്‍ കേരളത്തെ പ്രതിനിധീകരിച്ച ടീം അംഗങ്ങള്‍ക്ക് 5 ലക്ഷം രൂപാ വീതം പാരിതോഷികമായി നല്‍കാനാണ് തീരുമാനം. സംസ്ഥാന മന്ത്രിസഭാ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. റിസര്‍വ് ബെഞ്ചില്‍ ഇരുന്നവര്‍ ഉള്‍പ്പെടെയുള്ള 20 കളിക്കാര്‍ക്കും പരിശീലകന്‍ ബിനോ ജോര്‍ജ്ജിനും ഈ തുക ലഭിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കേരളാ ടീമിന്‍റെ സഹ പരിശീലകനും ഫിസിയോ തെറാപ്പിസ്റ്റിനും മൂന്ന് ലക്ഷം വീതമാണ് പാരിതോഷികമായി ലഭിക്കുക. ഏറെക്കാലത്തിനു ശേഷം സന്തോഷ് ട്രോഫി കപ്പടിച്ച കേരളാ ടീമിനെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായാണ് ഇപ്പോള്‍ പ്രോത്സാഹന സമ്മാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വാശിയേറിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൌട്ടിലാണ് കേരളം ബംഗാളിനെ തോല്‍പ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇരു ടീമുകളും ശക്തമായ മത്സരം കാഴ്ച്ചവെച്ച ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൌട്ടാണ് വിജയം തീരുമാനിച്ചത്. എക്സ്ട്രാ ടൈമില്‍ ബംഗാളിന്റെ ദിലീപ് ഒര്‍വന്‍റെ ഹെഡറിലൂടെയാണ് ആദ്യത്തെ ഗോള്‍ പിറന്നത്. എന്നാല്‍ മുഹമ്മദ് സഫ്നാദിലൂടെ കേരള മറുപടി നല്‍കി. പിന്നീട് നടന്ന പെനാല്‍റ്റി ഷൂട്ടൌട്ടിലൂടെ 5 - 4 ന് കേരളം വിജയിക്കുകയായിരുന്നു.