മുംബൈ: വിധവകള്‍ക്കെതിരായ പുരാതന നിയമങ്ങളും ആചാരങ്ങളും നിരോധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സ്ത്രീകളുടെ അന്തസ്സും മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതാണ് ഇത്തരം ആചാരങ്ങളെന്നും ആധുനിക കാലത്ത് അവയ്ക്ക് സ്ഥാനമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. മഹാരാഷ്ട്ര ഗ്രാമ വികസന മന്ത്രി എം ഹസന്‍ മുഷ്‌റിഫ് ചൊവ്വാഴ്ച്ച ഇക്കാര്യം വ്യക്തമാക്കിയുളള ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരുന്നു. കോലാപ്പൂര്‍ ജില്ലയിലെ ഹെര്‍വാദ്, മനഗോണ്‍ എന്നീ ഗ്രാമങ്ങളില്‍ വിധവകള്‍ക്കെതിരായ ആചാരങ്ങള്‍ നിരോധിച്ചിരുന്നു. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ ഈ ആചാരങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ഹസന്‍ മുഷ്‌റിഫ് പറഞ്ഞു.
ഇത്തരം ആചാരങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതും ഭരണഘടന അനുസരിച്ച് സ്ത്രീകളുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്നതുമാണ്. അതിനാല്‍ അവ വിലക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഭര്‍ത്താവിനെ ചിതയിലേക്ക് എടുക്കുന്നതിനുമുന്‍പ് ഭാര്യയുടെ സിന്ദൂരം മായ്ച്ചുകളയുക, അവര്‍ അണിഞ്ഞ പച്ച കുപ്പിവളകള്‍ ഉടയ്ക്കുക. താലിയറുക്കുക, കാല്‍വിരലുകളിലെ മോതിരം അഴിച്ചുമാറ്റുക തുടങ്ങിയ ആചാരങ്ങള്‍ ഇന്നും രാജ്യത്ത് മിക്കയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഭര്‍ത്താവ് മരിച്ചാല്‍ പിന്നീട് അവര്‍ നിറമുളള വസ്ത്രങ്ങള്‍ ധരിക്കുന്നതിനും മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും മറ്റ് പുരുഷന്മാരോട് സംസാരിക്കുന്നതിനും വിലക്കുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജാ റാം മോഹന്‍ റായ്, മഹാത്മാ ജ്യോതിറാവു ഫൂലെ, സാവിത്രീ ഭായ് ഫൂലെ, തുടങ്ങിയവര്‍ ആരംഭിച്ച സാമൂഹ്യ പരിഷ്‌കാരങ്ങള്‍പോലെ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാക്കുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്ന് ശിവസേന വക്താവ് ഡോ. മനീഷ കയാന്‍ഡെ പറഞ്ഞു. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുന്നതോടെ സ്ത്രീകള്‍ അനുഭവിക്കുന്ന മനുഷ്യത്വ രഹിതമായ പീഡനങ്ങളില്‍നിന്നും അവരെ മോചിപ്പിക്കാനും ബഹുമാനവും അന്തസ്സുമുളള ജീവിതം ലഭ്യമാക്കാനും ഇത്തരം അനാചാരങ്ങള്‍ നിരോധിക്കുന്നതോടുകൂടി സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു.