LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്മാരകങ്ങൾ നിലനിർത്തുന്നത് ഹിന്ദുത്വ കെട്ടിപ്പടുക്കാനല്ല - പി എം ജയൻ

ചരിത്രസ്മാരകങ്ങളിലെ വിവേചനം?

(കര്‍ണാടക യാത്രയിലെ രാഷ്ട്രീയ ആകുലതകള്‍ )

രണ്ടു ദിവസം തലശേരിയില്‍ നിന്ന് വിരാജ്‌പേട്ട വഴി കെ.എസ്.ആര്‍.ടി.സിയില്‍ കുശാല്‍നഗറിലെ തിബറ്റന്‍ സെറ്റില്‍മെന്റ് കേന്ദ്രത്തിലും അതുവഴി കര്‍ണാടക ഹാസ്സന്‍ ജില്ലയിലെ ഹലിബീഡ് (Halebidu)എന്ന സ്ഥലത്തും കറങ്ങി.

അപരവിദ്വേഷം കുത്തിനിറക്കാനുള്ള ഉപകരണം മാത്രമായി ചരിത്രശേഷിപ്പുകളെ, ഉപയോഗപ്പെടുത്തുന്ന വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ആകുലതയുള്ള മനുഷ്യന്‍ എന്ന നിലയില്‍ യാത്രയുടെ ഭാഗമായി ഉടലെടുത്ത ചില സന്ദേഹങ്ങള്‍  ഇവിടെ കുറിക്കാം. 

1 ബസ് കണ്ടക്ടര്‍, ഓട്ടോ ഡ്രൈവര്‍, ഹോട്ടലിന്റെ വാച്ച്മാന്‍, വഴി പോക്കര്‍...എന്നിങ്ങനെ സാധാരണമനുഷ്യരെ പരിചയപ്പെട്ടപ്പോള്‍ അവരുമായി ഇടപഴകിയപ്പോള്‍ അവര്‍ക്ക് കന്നഡയല്ലാതെ സെക്കന്റ് ലാഗ്വേജ് അറിയാവുന്നത് അല്ലറചില്ലറ ഹിന്ദിമാത്രമാണ്. ഒപ്പമുണ്ടായിരുന്ന ഭാര്യ തമിഴ്‌നാട്ടില്‍ ജനിച്ചുവളര്‍ന്നതായതിനാല്‍ പലരോടും തമിഴ് പേശിനോക്കിയെങ്കിലും '''തമിഴ് മാലൂം നഹി, ഹിന്ദീ സെ ബോലോ..'' എന്നാണ് പ്രതികരിച്ചത്. നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ആര്‍ക്കിടെക്ചറിലും മനുഷ്യരുടെ ഉടയാടയിലും വര്‍ണബോധത്തിലുമൊക്കെ പഴയ ദ്രാവിഡ കുടുംബത്തിലെ അംഗമായ തമിഴ്‌നാടുമായി ഏറെ സാമ്യത തോന്നി. നെയിം ബോര്‍ഡുകളിലെല്ലാം കന്നഡയല്ലാതെ ഇംഗ്ലീഷോ മറ്റു ഭാഷയോ നന്നെ കുറവാണ്. ഇക്കാര്യത്തിലും തീവ്രഭാഷാഭിമാനികളായ തമിഴരുമായി ഏറെ സാമ്യതയുണ്ട്. എന്നിട്ടുമെന്തേ ഈ മനുഷ്യര്‍ക്ക് തമിഴിനോടോ മലയാളത്തിനോടോ ഇല്ലാത്തവിധം പ്രണയം ഹിന്ദിയുമായി ഉണ്ടാകാന്‍ കാരണം?

2 ഹലിബീഡില്‍ ഹൊയ്‌സല രാജവംശകാലത്ത് നിര്‍മിച്ച നിരവധി ജൈന, ശൈവ ക്ഷേത്രങ്ങളും അതിന്റെ അവശേഷിപ്പുകളും ഒത്തിരിയുണ്ട്. അത് കാണാന്‍ ലക്ഷ്യമിട്ട് ഹാസ്സനിലെ പഴയ കെ.എസ് ആര്‍.ടി.സി സ്റ്റാന്റിലെത്തി കണ്ടക്ടറോട് ചോദിച്ചു. ജൈന ക്ഷേത്രമുള്ള ഹലിബീഡിലേക്ക് പോകുമോ... ഹലിബീഡ് മനസ്സിലായെങ്കിലും ജൈനക്ഷേത്രം എന്ന് പറഞ്ഞതിനാല്‍ ഒരു പിടിയുമില്ലാതെ മറുപടി പറയാതെ സംശയിച്ചുനിന്നു. ജൈന ടെമ്പിള്‍ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ഡ്രൈവറും യാത്രക്കാരുമെല്ലാം അന്വോന്യം തര്‍ക്കിച്ച് ഒടുക്കം ഇതില്‍ കയറിക്കോ എന്ന തീരുമാനത്തിലെത്തി.

ഹലിബീഡ് ബസ്റ്റാന്റിന് തൊട്ടപ്പുറത്ത് 12ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് പറയപ്പെടുന്ന ഹൊയ്‌സലേശ്വര ശിവ ക്ഷേത്രമുണ്ട്. വിശാലമായ സ്ഥലത്ത് ഏറെ ചിട്ടയോടെ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പരിചരിച്ചുവരുന്ന ഈ ക്ഷേത്രത്തിലാണ് ആദ്യം പോയത്. സന്ദര്‍ശകരുടെ തിരക്കുണ്ട്. ചെരുപ്പ് അഴിച്ചുവെക്കാനുള്ള പ്രത്യേക സൗകര്യം. ആവശ്യമുള്ളവര്‍ക്ക് ശില്പികള്‍ കല്ലില്‍ കൊത്തിവെച്ച മഹാഭാരത, രാമായണ കഥകള്‍ വിവരിക്കാന്‍(ചരിത്രപരമായ ഈ ആര്‍ക്കിടെക്ടിന്റെ പ്രാധാന്യം പറയുന്നത് കേട്ടിട്ടില്ല!)പാകത്തില്‍ നിരവധി ഗൈഡുമാരുണ്ട്. ഇത് മനുഷ്യ നിര്‍മിതമാണോ എന്ന് അവിശ്വസിച്ചു പോകുന്ന , ഒരു ദിവസംകൊണ്ടുപോലും കണ്ടുതീര്‍ക്കാന്‍ പറ്റാത്തത്ര വിസ്മയാവഹമായ കാഴ്ച. പലതും കണ്ട് കണ്‍മിഴിച്ചുപോകും. ഉള്‍വശത്ത് ശിവലിംഗ പൂജയുമുണ്ട്. പുറത്ത് വിശാലമായ സ്ഥലത്ത് ചെടിപ്പടര്‍പ്പുകള്‍ വെട്ടിയൊതുക്കുന്നതിനൊപ്പം പല നിര്‍മാണപ്രവൃത്തിയും നടക്കുന്നുമുണ്ട്. സന്ദര്‍ശകരുടെ ഫോട്ടോയെടുപ്പ് തകൃതിയായി നടക്കുന്നു.

അത് കഴിഞ്ഞ് അഞ്ഞുറു മീറ്റര്‍ മാറി കേദരേശ്വര ക്ഷേത്രം(ശിവക്ഷേത്രം) ഉണ്ട്. ഇവ രണ്ടിനുമിടയില്‍ സമീപത്തായി ഒരു ജൈനക്ഷേത്രം നിലവിലുണ്ട്. ജെയിന്‍ ബസദി(Parshvanatha basadi) എന്നാണതിന്റെ പേര്. അവിടെയാകട്ടെ ഞങ്ങളെത്തുമ്പോള്‍ സന്ദര്‍ശകര്‍ ഒരാള്‍പോലും ഉണ്ടായിരുന്നില്ല. (അപ്പോള്‍മാത്രമാണോ എന്നറിയില്ല) തീര്‍ത്തും ശൂന്യം. ചെരിപ്പ് അഴിച്ചുവെക്കാന്‍ പ്രത്യേക സ്ഥലമൊന്നുമില്ലെങ്കിലും പ്രവേശനകവാടത്തിന്റെ ഓരത്ത് അഴിച്ചുവെച്ചു. പ്രവേശനസ്ഥലത്ത് ആര്‍ക്കിയോളജി ഡിപ്പാര്‍ട്‌മെന്റ് ഒരുക്കിയ ഒഴിച്ചിട്ട സിമന്റ് കല്ലില്‍ ചരിത്രപ്രാധാന്യം രേഖപ്പെടുത്തുന്ന എഴുത്തുകുത്തുകളൊന്നും സ്ഥാപിച്ചിരുന്നില്ല. അത് പിന്നീട് കൊണ്ടുവെക്കുമായിരിക്കും. ക്ഷേത്ര കവാടത്തിന്റെ അരികില്‍ കന്നഡ ലിപിയില്‍ കൊത്തിവെച്ച പഴയ ശിലാലിഖിത സ്തൂപമുണ്ട്. നമുക്കുണ്ടോ അത് വായിക്കാനാകുന്നു.  അപ്പുറത്ത് ശിവക്ഷേത്രത്തിലെത്തുന്ന മനുഷ്യരെ പിടികൂടാനായി കാത്തുനില്‍ക്കുന്ന തരം ഗൈഡുമാരുമില്ല ഇവിടെ. ബസദിക്കകത്ത് കയറിയപ്പോള്‍ ശിവക്ഷേത്രത്തിനകത്ത് ഇല്ലാത്ത എന്തോ ഒരു വാടഗന്ധം. കുറേ നരിച്ചീറുകള്‍ പാഞ്ഞുകളിക്കുന്നു.  നിത്യപൂജയോ മറ്റോ ചെയ്തതിന്റെ ചില അവശിഷ്ടമുണ്ട്. ദീര്‍ഘകായ ജൈനപ്രതിമയും സമീപത്ത് ഒരു ദേവീ ശില്പം വേറിട്ട നിലയിലും കാല്‍പാദത്തിന്റെ പാടുള്ള ശിവലിംഗസമാനമായ ശില്പവുമുണ്ട്. ക്ഷേത്രചുമരുകളില്‍ ബൗദ്ധശില്‍പവും മറ്റും നിറയെയുണ്ട്.

ക്ഷേത്രസമീപത്ത്  എന്തൊക്കെയോ നവീകരണപ്രവര്‍ത്തി നടക്കുന്നതായി തോന്നുന്നു. പുതിയ കല്ലുകൊണ്ടുള്ള ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. പിന്നിലേക്ക് പോയപ്പോള്‍ ഈ ചുമരുകളില്‍ കണ്ടതുപോലെ ശില്‍പംകൊത്തിയ പഴയ കല്ലുകള്‍ പലതും അവിടവിടെ അശ്രദ്ധയോടെ ഉപേക്ഷിക്കപ്പെട്ടതുപോലെ കണ്ടു. ആ പറമ്പിനപ്പുറത്ത് നശിപ്പിക്കപ്പെട്ടതോ അതോ പുതുതായി നിര്‍മാണത്തിലുള്ളതോ ആയ തറയും കണ്ടു. എല്ലാംകൊണ്ടും വല്ലാത്തൊരു അനാഥത്വവും അനാസ്ഥയും ഈ ക്ഷേത്ര കോമ്പൗണ്ടില്‍ കയറിയപ്പോള്‍ മുതല്‍ തോന്നി. ജൈന ക്ഷേത്രങ്ങളുടെ പല അവശിഷ്ടങ്ങളും ഖനനത്തിനിടയിലും മറ്റും ഇപ്പോഴും ഇവിടന്ന് കിട്ടുന്നതായി ആര്‍ക്കിയോളജി വിഭാഗം 2021 ല്‍ പുറത്ത് വിട്ട വാര്‍ത്തയിലും പറയുന്നുണ്ട്.(https://www.outlookindia.com/.../india-news-asi.../373856) പല കാലങ്ങളില്‍ ബോധപൂര്‍വ ഇടപെടലിലൂടെയും അല്ലാതെയും (പ്രകൃതിക്ഷോഭം ) ചരിത്ര സ്മാരകങ്ങള്‍ പ്രത്യേകിച്ച് ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിന് ഹിന്ദു ജൈന ക്ഷേത്രങ്ങള്‍ എന്ന വേര്‍തിരിവ് ഇല്ല എന്നാണിത് കാണിക്കുന്നത്.

ഹോയ്‌സല ഭരണകാലത്ത് രാജാക്കന്മാരുടെ നിര്‍ദേശത്താല്‍ പണികഴിപ്പിക്കപ്പെട്ട വ്യത്യസ്ത ക്ഷേത്രങ്ങളാണ് ഹലിബീഡില്‍ പലയിടത്തായും ഉള്ളത്. എന്നിട്ടും അപ്പുറത്തെ ചരിത്രശേഷിപ്പിനോടുള്ള മമതയും കൗതുകവും സന്ദര്‍ശകര്‍ക്ക് ഇതിനോട് ഇല്ലാതെ പോയതെന്തേ എന്ന് ചിന്തിച്ചുപോയി. ഹാസ്സനില്‍നിന്ന് ബസ്സ് കയറുമ്പോള്‍ ജൈനക്ഷേത്രം എന്ന് ചോദിച്ചതിന്റെ അബദ്ധമെന്തെന്നും അവര്‍ക്കീ ജൈനക്ഷേത്രം അപരിചിതമായതിന്റെ കാരണം എന്തെന്നും അപ്പോഴാണ് പിടികിട്ടിയത്.

ഹോയ്‌സല രാജവംശത്തില്‍ ജൈന ഹൈന്ദവ മതങ്ങള്‍ക്ക് ഒരേ പോലെ പ്രാധാന്യം ഉണ്ടായിരുന്നു എന്ന് വിക്കിപീഡിയ പറയുന്നു. ജൈനമതവിശ്വാസിയായ വിഷ്ണുവര്‍ധനരാജാവ് ഹിന്ദുസന്യാസിയുടെ പ്രേരണയാല്‍ വൈഷ്ണവിസത്തിലേക്ക് മാറിയെന്നും അദ്ദേഹത്തിന്റെ ഭാര്യ രാജ്ഞിയായ ശാന്താള ദേവി ജൈനമതത്തില്‍തന്നെ തുടര്‍ന്നു എന്നും പറയുന്നു. (ചരിത്രവിദ്യാര്‍ത്ഥിയല്ലാത്തതിനാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല) അക്കാലത്തെ മതപരിവര്‍ത്തനവും മതസാഹോദര്യവും എങ്ങനെയെന്ന് വ്യക്തമാക്കുന്നു ഈ ചരിത്രം. ഈ രണ്ട് ക്ഷേത്രങ്ങളുടെ നിര്‍മാണഘടനയിലും അതിലെ ശില്‍പങ്ങളിലുമൊക്കെ എന്തെന്ത് സമാനതകളാണ്! ശിവക്ഷേത്രത്തിനും ജൈനക്ഷേത്രത്തിനും ഉള്‍ഭാഗ(ഗര്‍ഭഗൃഹം) ത്തിനുമാത്രമല്ല അതിന്റെ തൂണുകള്‍ക്കും സമാനത പ്രത്യക്ഷത്തില്‍ കാണാം.

ജന്മംകൊണ്ടും ശിക്ഷണം കൊണ്ടും പ്രാവീണ്യമേറെയുള്ള കലാകാരന്മാര്‍ എന്തുമാത്രം പണിപ്പെട്ടാകും ഇത്രയും ആര്‍ക്കിടെക്ചറുകളും ശില്‍പങ്ങളും പണി കഴിപ്പിച്ചിട്ടുണ്ടാകുക, അതും അതാത് കാലത്തെ രാജാക്കന്മാരുടെ മാറിമാറിവരുന്ന വിശ്വാസത്തിനും താല്‍പര്യത്തിനും അനുസരിച്ച്. എന്നിട്ടീ നിര്‍മിതികളൊക്കെ നാം ഓര്‍മിക്കപ്പെടുന്നതോ, വെറും രാജാക്കന്മാരുടെ പേരില്‍ മാത്രം. എത്രയെത്ര കലാകാരന്മാര്‍ ഈ നിര്‍മാണത്തിനിടയില്‍ മരണപ്പെട്ടിട്ടുണ്ടാകും പരുക്കേറ്റിട്ടുണ്ടാകും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകും? ഏതൊക്കെ കലാകാരന്മാരായിരിക്കും ഇതില്‍ പണിയെടുത്തിട്ടുണ്ടാകുക എന്നൊന്നും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നില്ലല്ലോ....

വ്യത്യസ്ത മതക്ഷേത്രങ്ങളില്‍ ചിലപ്പോള്‍ ഒരേ കലാകാരന്‍(അവരാരെന്ന് പോലും അറിയാത്തിടത്ത് അവരുടെ മതമേതെന്ന് തിരക്കുന്നതില്‍ കാര്യമില്ലല്ലോ) കൊത്തിയെടുത്ത ജൈനശില്പവും ശിവലിംഗവുമൊക്കെ പിന്നീടെപ്പോഴോ വര്‍ഗീയകലാപത്തിന് വരെ കാരണമാകുമെന്ന് അവരൊരിക്കലും കരുതിക്കാണില്ല.

വൈരുധ്യവും സങ്കീര്‍ണവുമായ പല കൈവഴികളിലൂടെ കടന്നുവന്ന ഇത്തരം പുരാവസ്തുഗവേഷണ ചരിത്രത്തെയും ഇന്ത്യന്‍ മാനവചരിത്രത്തെയും 'ഹിന്ദുമത ശേഷിപ്പ് ' എന്ന ബ്രാന്റിലൊതുക്കി വായിക്കാനുള്ള ധൃതി പിടിച്ച ശ്രമം നാട്ടിലെമ്പാടും നടക്കുമ്പോള്‍ ഇത്തരം ചരിത്രശേഷിപ്പുകളിലേക്ക് യാത്ര ചെയ്യേണ്ടത് അനിവാര്യമാണ്. വിദ്യാര്‍ത്ഥികളെ വര്‍ഷാവര്‍ഷം ടൂറെന്ന പേരില്‍ ലുലുമാളിലേക്കും മെട്രോവണ്ടിയിലേക്കും എത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപന അധികൃതരെങ്കിലും ഇത്തരം ചരിത്രസ്മാരകങ്ങളിലേക്കാണ്(ഇതിനെ ക്ഷേത്രങ്ങളായല്ല കാണേണ്ടത്) കുട്ടികളെ നയിക്കാന്‍ പ്രേരിപ്പിക്കേണ്ടത്. പുതുതലമുറ അങ്ങനെയെങ്കിലും മനസ്സിലാക്കട്ടെ ചരിത്രം ഏകതാനമല്ലാത്ത സമ്മിശ്രമായ പലപല കൈവഴികളിലൂടെയാണ് സഞ്ചരിച്ചതെന്നും സഞ്ചരിക്കുന്നതെന്നും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More