തിരുവനന്തപുരം: വിസ്മയ കേസിലെ വിധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാഠമായിരിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കേസില്‍ കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്‍റണി രാജു കൂട്ടിച്ചേര്‍ത്തു. കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട മോട്ടോർ വാഹന വകുപ്പിന്റെ നടപടി മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ല. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന പ്രതി കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടപ്പോള്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ചിലര്‍ അതിനെ രാഷ്ട്രീയ മുതലെടുപ്പായി ചിത്രീകരിച്ചുവെന്നും കിരണിന് ഇനി ഒരു സർക്കാർ ജോലി പോലും ലഭിക്കാത്ത വിധത്തിൽ പഴുതടച്ച നടപടികളാണ് വകുപ്പുതലത്തിൽ ഉണ്ടായിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഇന്ന് രാവിലെയാണ് വിധി പറഞ്ഞത്. തുടര്‍ന്ന് കിരണിന്‍റെ ജാമ്യം കോടതി റദ്ദാക്കുകയും ശിക്ഷ നാളെ വിധി പറയുമെന്നും അറിയിച്ചു. ജൂണ്‍ 21-നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. തുടര്‍ന്ന് അവരുടെ പരാതിയില്‍ കിരണിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണയടക്കം ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കിരണ്‍ കുമാറിനെതിരെ കുറ്റപത്രം നൽകിയിരിക്കുന്നത്. കേസിലെ ഏക പ്രതിയാണ് കിരണ്‍ കുമാര്‍.