തിരുവനന്തപുരം; നെയ്യാറ്റിന്‍കരയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനി പ്രവര്‍ത്തകര്‍ പരസ്യമായി മാരകായുധങ്ങളേന്തി റാലി നടത്തിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ടി എന്‍ പ്രതാപന്‍. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. വിദ്വേഷവും ഭീതിയും വിതച്ചും കൊയ്തും അപരനിര്‍മ്മിതി നടത്തിയും നമ്മുടെ നാടിനെ നശിപ്പിക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക എന്നും ടി എന്‍ പ്രതാപന്‍ ചോദിച്ചു. മതരാഷ്ട്രീയവാദികള്‍ക്ക് ഭാരതത്തിന്റെ മഹത്വം മനസിലാകില്ലെന്നും പ്രതാപന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നെയ്യാറ്റിന്‍കര കീഴാറൂരിലാണ് തീവ്ര ഹിന്ദുത്വ സംഘടനയായ വിഎച്ച്പിയുടെ വനിതാ വിഭാഗം വാളുകളേന്തി റാലി നടത്തിയത്. മെയ് 22-നായിരുന്നു സംഭവം. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ആയുധപരിശീലന ക്യാംപിനുശേഷമായിരുന്നു റോഡിലൂടെ ആയുധമേന്തിയുളള പ്രകടനം. സംഘപരിവാര്‍ സംഘടനകള്‍ക്ക് കേരളത്തില്‍ യഥേഷ്ടം ആയുധ പരിശീലനം നടത്താനും വിദ്വേഷ പ്രചാരണവുമായി തെരുവിലിറങ്ങാനും കഴിയുന്ന സ്ഥിതിയാണ് ഉളളതെന്ന് പ്രതാപനെപ്പോലുളള ചുരുക്കം ചില പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലും അതിനെതിരെ കാര്യമായ പ്രതിഷേധങ്ങളൊന്നും നടക്കുന്നില്ല. ഹിന്ദുത്വത്തെ നോര്‍മ്മലൈസ് ചെയ്ത് കാണുന്ന പൊതുബോധമാണ് അതിനുകാരണമെന്ന് ജെ ദേവികയെപ്പോലുളള സാമൂഹിക വിമര്‍ശകര്‍ വിലയിരുത്തുന്നു.