ഹൈദരാബാദ്: കുത്തബ് മിനാറുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കേ, പുതിയ വിവാദത്തിന് തിരികൊളുത്തി കോണ്‍ഗ്രസ് നേതാവ് റഷീദ് ഖാന്‍. ചാര്‍മിനാര്‍ പളളി പ്രാര്‍ത്ഥനക്കായി തുറന്നുകൊടുക്കണമെന്നാണ് തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി റഷീദ് ഖാന്റെ ആവശ്യം. ചാര്‍മിനാറില്‍ നമസ്കരിക്കാനുളള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുളള ക്യാംപെയ്‌നും അദ്ദേഹം ആരംഭിച്ചു. രണ്ട് പതിറ്റാണ്ടുമുന്‍പ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഏറ്റെടുത്ത ചാര്‍മിനാര്‍ പൈതൃക കേന്ദ്രമായി സംരക്ഷിച്ചുവരികയാണ്.
നിലവില്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുളള ചാര്‍മിനാറില്‍ പ്രാര്‍ത്ഥന പുനരാരംഭിക്കണമെന്നാണ് റഷീദ് ഖാന്റെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി എന്നിവരെ സന്ദര്‍ശിച്ചു. ചാര്‍മിനാറിനോട് ചേര്‍ന്നുളള മസ്ജിദില്‍ നേരത്തെ പ്രാര്‍ത്ഥന നടന്നിരുന്നെന്നും സ്വതന്ത്രമായി മതം ആചരിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും റഷീദ് ഖാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ, കുത്തബ് മിനാര്‍ സമുച്ചയത്തിനുളളില്‍ ഹിന്ദു, ജൈന വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി മുന്‍പാകെ സമര്‍പ്പിച്ച ഹര്‍ജിയെ പുരാവസ്തു വകുപ്പ് ശക്തമായി എതിര്‍ത്തിരുന്നു. കുത്തബ് മിനാര്‍ 1947 മുതല്‍ സംരക്ഷിത ചരിത്ര സ്മാരകമാണെന്നും അവിടെ ആരാധന നടത്താന്‍ ആര്‍ക്കും അനുമതി നല്‍കാനാവില്ലെന്നുമാണ് പുരാവസ്തു വകുപ്പ് കോടതിയില്‍ പറഞ്ഞത്.