കൊല്‍ക്കത്ത: പ്രശസ്ത ബോളിവുഡ് ഗായകന്‍ കെ കെയുടെ നിര്യാണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പൊലീസാണ് കേസെടുത്തത്. കെ കെ സംഗീത പരിപാടിക്കുശേഷം തിരികെ ഹോട്ടലിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
എന്നാല്‍ അദ്ദേഹത്തിന്റെ തലയിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണകാരണം കണ്ടെത്താനായി എസ് എസ് കെ എം ആശുപത്രിയില്‍ ഇന്ന് കെകെയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടത്തും. കൊല്‍ക്കത്തയില്‍ നടന്ന സംഗീതപരിപാടിയുടെ സംഘാടകരുടെയും കെ കെ താമസിച്ച ഗ്രാന്‍ഡ് ഹോട്ടല്‍ ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിരവധി ബോളിവുഡ് ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് ഇന്ന് രാവിലെയാണ് അന്തരിച്ചത്. കൊല്‍ക്കത്ത നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിക്കുശേഷം തിരികെ താമസിച്ചിരുന്ന ഹോട്ടലിലെത്തിയ കെ കെ കുഴഞ്ഞുവീഴുകയായിരുന്നു. കൊല്‍ക്കത്ത സി എം ആര്‍ എ ഹോസ്പ്പിറ്റലിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി തുടങ്ങി നിരവധി ഭാഷകളില്‍ കെ കെ ഗാനമാലപിച്ചിട്ടുണ്ട്. 'പല്‍' എന്ന ഹിന്ദി ആല്‍ബത്തിലൂടെയാണ് കെ കെ സംഗീതപ്രേമികളുടെ പ്രിയങ്കരനാവുന്നത്. ഹിന്ദിയില്‍ ഡോലാ രെ ഡോലാ, ആഖോം മേ തേരി, ഖുദാ ജാ നേ, തൂഹി മേരി ഷബ് ഹെ, തൂനെ മാരി എന്‍ട്രിയാന് തുടങ്ങിയ ഗാനങ്ങള്‍ കെ കെയുടെ ഹിറ്റുകളാണ്. പുതിയ മുഖം എന്ന പൃഥിരാജ് ചിത്രത്തിലൂടെയാണ് കെ കെ മലയാളത്തിലെത്തുന്നത്.