മുംബൈ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയില്‍ അതൃപ്തി പ്രകടമാക്കി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ജി-23 നേതാവുമായ പൃഥ്വിരാജ് ചവാന്‍. കോണ്‍ഗ്രസ് മൃദുഹിന്ദുത്വത്തെ പിന്തുടരുന്നത് നല്ല തന്ത്രമല്ലെന്നും അങ്ങനെ ചെയ്താല്‍ ജനങ്ങള്‍ തീവ്ര ഹിന്ദുത്വത്തിലേക്ക് പോകുമെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി തനിക്ക് രാഹുല്‍ ഗാന്ധിയെ കാണാന്‍ സാധിച്ചിട്ടില്ലെന്നും അടുത്തിടെ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ പുതിയ ചിന്തകളോ ആത്മപരിശോധനകളോ നടന്നിട്ടില്ലെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ദേശീയ മാധ്യമത്തിനുനല്‍കിയ പോഡ്കാസ്റ്റിലാണ് ചവാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.
'ഞാന്‍ ഡല്‍ഹിയില്‍ പോകുമ്പോഴെല്ലാം ഡോ. മന്‍മോഹന്‍ സിംഗിനെ കാണാറുണ്ട്. അദ്ദേഹം ആരോഗ്യസ്ഥിതി മോശമാണെങ്കില്‍പോലും എന്നോട് സംസാരിക്കാന്‍ തയാറാവുന്നയാളാണ്. സമയംകിട്ടുമ്പോഴെല്ലാം സോണിയാ ഗാന്ധിയെയും കണ്ടിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ കണ്ടിട്ട് നാലുവര്‍ഷമായി. പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് പ്രാപ്യമായ ഒന്നല്ല എന്ന ആരോപണം ഇപ്പോള്‍ പരക്കെ ഉയരുന്നുണ്ട്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നവരാണ് പാര്‍ട്ടിയെ യഥാര്‍ത്ഥത്തില്‍ തകര്‍ക്കുന്നത്. സത്യസന്ധമായ വിലയിരുത്തലുകള്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇനിയെങ്കിലും ഉറപ്പുവരുത്തേണ്ടതുണ്ട്'- പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2024-ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പരാജയപ്പെടുത്തണമെങ്കില്‍ 12 സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്‌ക്കേണ്ടതുണ്ട്. അതിനായി സമാന ചിന്താഗതിയുളള പാര്‍ട്ടികളുടെ വിശാല സഖ്യമുണ്ടാകണം. യുപിയില്‍ ഒരു മുസ്ലീം വോട്ടുപോലും കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല. നമ്മള്‍ മതേതരത്വത്തെ കൃത്യമായി നിര്‍വചിക്കേണ്ടതുണ്ട്. ഒരു മതത്തേയും പിന്തുണയ്ക്കാത്ത നിലപാടാണത്. അത് വ്യക്തമാക്കാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാവില്ല. . നമുക്ക് പാര്‍ട്ടിക്കുളളില്‍ ഉടന്‍തന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ലിബറല്‍ ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ ഇല്ലാതാവും'-ചവാന്‍ കൂട്ടിച്ചേർത്തു.