ചെന്നൈ: കോയമ്പത്തൂരില്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ സ്വിഗിയുടെ ജീവനക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ച ട്രാഫിക് പൊലീസുകാരന് സസ്‌പെന്‍ഷന്‍. പൊലീസുകാരന്‍ സ്വിഗി ജീവനക്കാരന്റെ ബൈക്ക് തളളിയിടുകയും മുഖത്തടിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ നടപടിയെടുത്തത്. സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ സ്‌കൂള്‍ ബസിനെ പിന്തുടര്‍ന്ന് നിര്‍ത്തിച്ച എം മോഹന സുന്ദരം എന്ന യുവാവിനെയാണ് ട്രാഫിക് പൊലീസുകാരനായ സതീഷ് മര്‍ദ്ദിച്ചത്. നിയമം കയ്യിലെടുക്കാന്‍ ആരാണ് നിനക്ക് അധികാരം തന്നതെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.
കഴിഞ്ഞ വെളളിയാഴ്ച്ച കോയമ്പത്തൂര്‍ അവിനാശി റോഡിനുസമീപമായിരുന്നു സംഭവം. നാഷണല്‍ മോഡല്‍ ഹൈസ്‌കൂളിന്റെ ബസ് അമിത വേഗതയിലെത്തി ഇരുചക്രവാഹനക്കാരിയായ സ്ത്രീയെ ഇടിച്ചിട്ട് നിര്‍ത്താതെ പോവുകയായിരുന്നു. അതുവഴി ഓര്‍ഡര്‍ ഡെലിവറി ചെയ്യാന്‍ പോയ മോഹന സുന്ദരം ബസിനെ പിന്തുടര്‍ന്ന് നിര്‍ത്തിച്ച് ഡ്രൈവറോട് സംസാരിച്ചു. ഇതുകണ്ടെത്തിയ ട്രാഫിക്ക് പൊലീസുകാരന്‍ നിയമം കയ്യിലെടുക്കാന്‍ ആരാണ് അനുവാദം തന്നതെന്ന് ചോദിച്ച് മോഹന സുന്ദരത്തെ മര്‍ദ്ദിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടുതവണ യുവാവിന്റെ മുഖത്തടിച്ച പൊലീസുകാരന്‍ മൊബൈല്‍ പിടിച്ചെടുക്കുകയും ആ സ്‌കൂള്‍ ബസിന്റെ ഉടമ ആരാണെന്ന് അറിയാമോ എന്ന് ചോദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അന്വേഷണ വിധേയമായി കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയ പൊലീസുകാരനെ മോഹനസുന്ദരം പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.