തിരുവനന്തപുരം: നെയ്യാറ്റിന്‍കര കീഴാറൂരില്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകള്‍ കണ്ടെടുത്തു. വെളളറടയിലുളള പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നാണ് വാളുകളും ദണ്ഡും പിടികൂടിയത്. പിടിച്ചെടുത്ത വാളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ഹാജരാക്കി. തടിയിലുണ്ടാക്കിയ വാളുകളില്‍ സ്പ്രേ പെയിന്റ് ചെയ്തതാണ് എന്ന് പൊലീസ് പറഞ്ഞു. ഈ വാളുകള്‍ തന്നെയാണോ ദുര്‍ഗാവാഹിനി പ്രകടനത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമാക്കാനാണ് ഫോറന്‍സിക് പരിശോധന. അതേസമയം, പ്രകടനത്തില്‍ വാളുകളേന്തിയ പെണ്‍കുട്ടികളെയും തിരിച്ചറിഞ്ഞു. ഇവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
കഴിഞ്ഞ മാസം മുപ്പതിന് വാളുകളേന്തി പ്രകടനം നടത്തിയ ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്. ആയുധ നിയമപ്രകാരവും സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതുള്‍പ്പെടെയുളള വകുപ്പുകളും ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുർഗാവാഹിനി പ്രവർത്തകർ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കീഴാറൂരിലാണ് വാളുകളേന്തി പ്രകടനം നടത്തിയത്. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ആയുധപരിശീലന ക്യാംപിനുശേഷമായിരുന്നു റോഡിലൂടെ ആയുധമേന്തിയുളള പ്രകടനം. ആയുധമേന്തിയുളള വനിതകളുടെ പ്രകടനത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.