ചണ്ഡിഗഡ്: പഞ്ചാബില്‍ വെടിയേറ്റ് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസേവാലയുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗ്, പ്രതിപക്ഷ നേതാവ് പർതാപ് സിംഗ് ബജ്‌വ, മുൻ ഉപമുഖ്യമന്ത്രി ഒപി സോണി, എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. ഇന്നലെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും മൂസെവാലയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് സിദ്ദു മൂസേവാലയുടെ വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദു മൂസേവാല കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച സിദ്ദുവിന്‍റെ മാതാപിതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുകയും കുറ്റവാളികളെ കണ്ടെത്തണമെന്നും നീതി നടപ്പിലാക്കണമെന്നും സിദ്ദുവിന്‍റെ കുടുംബം ആവശ്യപ്പെടുകയും ചെയ്തു. മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. അതേസമയം, 424 വി ഐ പികളുടെ സുരക്ഷ ഇന്ന് മുതല്‍ പുനസ്ഥാപിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് മൂസെവാല ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.