തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹിറ്റ്ലറേക്കാൾ, മോദിയേക്കാൾ, യോഗി ആദിത്യനാഥിനേക്കാൾ വലിയ ഏകാധിപതി ചമയുകയാണ് പിണറായി വിജയൻ. പ്രതിഷേധമെന്ന മുദ്രാവാക്യം വിളിച്ച കുട്ടികൾക്കതിരെ എന്തടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തത്? അവരെ ചവിട്ടിക്കൂട്ടിയ ഇ പി ജയരാജനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. മദ്യപിച്ച് ലക്കുകെട്ട പോലെ പെരുമാറിയത് ജയരാജനാണ് - വി ഡി സതീശന്‍ പറഞ്ഞു.
സി.പി.എമ്മാണ് ഭീകര പ്രവർത്തനം നടത്തുന്നത്. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല തകർത്ത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നവരാണിവർ. ഭീകര സംഘടനകളെ പോലും തോൽപ്പിക്കുന്നവരാണ് സിപിഎം. വിമാനത്തിൽ വെടിയുണ്ടയുമായി പോയതാരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. തന്നെയും കെ.പി.സി.സി പ്രസിഡന്റിനേയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന ഇടതുപക്ഷത്തിന്‍റെ വെല്ലുവിളി സ്വീകരിക്കുന്നു. പേടിച്ചോടാൻ ഞങ്ങൾ പിണറായി വിജയനല്ല. ഉദ്യോഗസ്ഥരെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് എപ്പോഴും പറയുന്ന മുഖ്യമന്ത്രിഎ.ഡി.ജി.പിയുടെയോട് ചെയ്തതെന്താണെന്ന് മറക്കണ്ട. നിയമ വിരുദ്ധമായി പൊലീസുകാര്‍ ഒന്നും ചെയ്യരുത്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന്റെ ഡോർ ഓടുന്നതിടെ തുറന്ന് വഴി യാത്രക്കാരെ കൊല്ലാന്‍ ശ്രമിച്ചു. കരിങ്കൊടി കാണുമ്പോള്‍ മുഖ്യമന്ത്രിക്കെന്താണ് ഇത്രയും അസഹിഷ്ണുതയെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
ഇന്നലെ വൈകുന്നേരം കണ്ണൂര്‍ - തിരുവനന്തപുരം യാത്രക്കിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമാനത്തിനുള്ളില്‍ വെച്ച് തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശബരീനാഥാണ് പുറത്തുവിട്ടത്.