LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിജയ് ബാബു കേസൊതുക്കാന്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്തു- അതിജീവിത

കൊച്ചി: വിജയ് ബാബു കേസൊതുക്കാനായി ഒരുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നെന്ന് അതിജീവിത. വിജയ് ബാബു ദുബായില്‍ പോയ സമയത്ത് ഒരു സുഹൃത്ത് വഴിയാണ് പണം വാഗ്ദാനം ചെയ്തതെന്നും ഇക്കാര്യം താന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അതിജീവിത പറഞ്ഞു. മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

'പണം വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒരുപാട് സാക്ഷികളെ അയാളുടെ ഭാഗത്താക്കുന്നുണ്ട്. എ എം എം എ അയാളെ പുറത്താക്കാത്തത് അതിലെ പല അംഗങ്ങള്‍ക്കും അയാള്‍ പണം വാഗ്ദാനം ചെയ്തതുകൊണ്ടാണ് എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടുപോലും അയാള്‍ക്കൊപ്പം നിന്ന് സംസാരിക്കണമെങ്കില്‍ എത്ര വലിയ ഓഫറായിരിക്കും അയാള്‍ കൊടുത്തിരിക്കുക എന്ന് ഊഹിക്കാവുന്നതേയുളളു. ഞാന്‍ പരാതി നല്‍കിയതിനുശേഷം സിനിമയില്‍ ലഭിച്ച അവസരം ഇല്ലാതാക്കാന്‍ അയാള്‍ സംവിധായകനെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. അയാള്‍ അന്ന് പണം വാഗ്ദാനം ചെയ്തപ്പോള്‍ എനിക്ക് വേണമെങ്കില്‍ അത് വാങ്ങി സുഖമായി ജീവിക്കാമായിരുന്നു. എന്നാല്‍ ഞാന്‍ ആ പാതയല്ല തെരഞ്ഞെടുത്തത്. അതുകൊണ്ടാണ് ഈ കല്ലേറുകളെല്ലാം ഞാന്‍ വാങ്ങേണ്ടിവന്നത്'-അതിജീവിത പറഞ്ഞു.

താന്‍ വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും വിജയ് ബാബു തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് വ്യക്തിഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. പരാതി നല്‍കിയതിനുപിന്നാലെ വിജയ് ബാബു ലൈവ് പോയത് ഞാനറിഞ്ഞിരുന്നില്ല. പിന്നീട് എന്റെ ഇന്‍ബോക്‌സില്‍ അശ്ലീലവും വ്യക്തിഹത്യ ചെയ്യുന്നതുമായ ഒട്ടനവധി കമന്റുകളും മെസേജുകളും വന്നു. എന്റെ കുടുംബം തകര്‍ന്നുപോയി. അനിയന്‍ ട്രോമയിലായി. അമ്മയെയും അച്ഛനെയും കുടുംബാഗംങ്ങള്‍ വന്ന് സംഘര്‍ഷത്തിലാക്കി. അന്നേ സിനിമയിലേക്ക് മകളെ വിടേണ്ടെന്ന് പറഞ്ഞതല്ലേ എന്ന് പറഞ്ഞു. അന്നനുഭവിച്ച സംഘര്‍ഷവും സമ്മര്‍ദ്ദവും ആര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ല. അത് അനുഭവിക്കുക തന്നെ വേണം.

എന്ത് തിരിച്ചടി നേരിടേണ്ടിവന്നാലും പരാതി കൊടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. എന്നോട് തെറ്റ് ചെയ്ത ഒരാള്‍ക്കെതിരെയാണ് ഞാന്‍ പരാതി കൊടുത്തത്. എന്റെ ഭാഗത്ത് തെറ്റില്ല. എന്നെപ്പോലെ  എത്രയധികം സ്ത്രീകള്‍ ചൂണഷം ചെയ്യപ്പെട്ടിരിക്കാം എന്ന ചിന്ത എന്നെ അലട്ടിയിരുന്നു. എന്റെ അത്ര ധൈര്യമില്ലാത്ത ഒരു കുട്ടിയായിരുന്നു വിജയ് ബാബുവിന്റെ അടുത്ത് പെട്ടതെങ്കില്‍ അവള്‍ ഉറപ്പായും ആത്മഹത്യ ചെയ്‌തേനേ. സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടികൂടിയാണ് എന്റെ പോരാട്ടം- അതിജീവിത കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk