കണ്ണൂര്‍: പയ്യന്നൂരില്‍ സി പി എം പ്രവര്‍ത്തകര്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഗാന്ധിപ്രതിമ തകര്‍ത്തവരെക്കുറിച്ചുളള വിവരങ്ങള്‍ ദൃസാക്ഷികള്‍ നല്‍കിയിട്ടും പൊലീസ് തുടര്‍നടപടികളെടുത്തിട്ടില്ലെന്നാണ് ആരോപണം. ജാമ്യമില്ലാ വകുപ്പുള്‍പ്പെടെയുളള കേസായിട്ടുകൂടി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ് എന്നുമാത്രമാണ് പയ്യന്നൂര്‍ പൊലീസ് നല്‍കുന്ന വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍കയറി പ്രതിഷേധിച്ചതിനുപിന്നാലെ സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളിലാണ് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ ഗാന്ധി മന്ദിരത്തിലെ ഗാന്ധിപ്രതിമ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. പ്രതികള്‍ സിപിഎമ്മുകാരായതുകൊണ്ട് പൊലീസിന്റെ കൈകള്‍ കെട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സംഘപരിവാറിനെപ്പോലും നാണിപ്പിക്കുന്ന ആക്രമണം നടത്തിയ സിപിഎമ്മുകാരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ഗാന്ധിപ്രതിമ തകര്‍ത്ത സിപിഎമ്മും ആര്‍ എസ് എസും തമ്മില്‍ ഇനി എന്താണ് വ്യത്യാസമെന്നും ചോദിച്ചു.