LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ജീവന് ഭീഷണിയുണ്ട്'; ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു

ഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.  ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് മുഹമ്മദ് സുബൈറിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. 2018ലെ ഒരു ട്വീറ്റിന്റെ പേരിലാണ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു പ്രത്യേക മതത്തിന്റെ ദൈവത്തെ അപമാനിക്കുന്ന തരത്തിലുളള ചിത്രം ബോധപൂര്‍വ്വം പോസ്റ്റ് ചെയ്തു എന്നാണ് സുബൈറിനെതിരായ കേസ്. 

നേരത്തെ ജാമ്യം തേടി പട്യാല കോടതിയെ സമീപിച്ചിരുന്നെങ്കിലും സുബൈറിനെ 14 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് മുഹമ്മദ്‌ സുബൈറിനെ അറസ്റ്റ് ചെയ്തത്. അതേസമയം, മുഹമ്മദ് സുബൈറിനെതിരെ ഡല്‍ഹി പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പുതിയതായി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന എഫ്‌ ഐ ആറിൽ ചേർത്തതോടെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി ഇ ഡിക്കും കേസില്‍ ഇടപെടാന്‍ സാധിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 

Contact the author

National Desk