കോഴിക്കോട്: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവിന്റെയും വിവാഹതിയതി നിശ്ചയിച്ചു. സെപ്റ്റംബര്‍ നാലിനാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹച്ചടങ്ങുകള്‍ തിരുവനന്തപുരം എ കെ ജി സെന്ററിലാകും നടക്കുക എന്നാണ് റിപ്പോര്‍ട്ട്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം കോഴിക്കോട് റിസപ്ഷനും ഉണ്ടാകും. മാര്‍ച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. കേരളാ നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ എം എല്‍ എയും രാജ്യത്തെ പ്രായംകുറഞ്ഞ മേയറുമാണ് വിവാഹിതരാവുന്നത്. ബാലസംഘം മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയമാണ് വിവാഹത്തിലെത്തിനില്ക്കുന്നത്. ബാലസംഘം, എസ്എഫ്ഐ പ്രവര്‍ത്തന കാലത്തുതന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സച്ചിന് ദേവ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. നടനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്. തിരുവനന്തപുരം ഓള് സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ തെരഞ്ഞെടുക്കപ്പെടുന്നത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.