തിരുവനന്തപുരം: യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശബരിനാഥിന്‍റെ ചാറ്റ് ചോര്‍ന്ന സംഭവത്തില്‍ സംസ്ഥാന പ്രസിഡന്‍റായ ഷാഫി പറമ്പിലിനെതിരെ സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത. യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ചാറ്റ് പുറത്തു പോയിട്ടും ഷാഫി പറമ്പില്‍ വിഷയം ഗൗരവത്തിലെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശിയ നേതൃത്വത്തിന് 4 വൈസ് പ്രസിഡന്റ്മാര്‍, 4 ജനറൽ സെക്രട്ടറിമാര്‍, 4 സെക്രെട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്ന് പരാതി നല്‍കിയത്. ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമാരായ എൻ എസ് നുസൂർ, എസ് എം ബാലു, റിയാസ് മുക്കോളി, എസ് ജെ പ്രേംരാജ്, ജനറൽ സെക്രട്ടറിമാരായ എം പി പ്രവീൺ, കെ എ ആബിദ് അലി, കെ എസ് അരുൺ, വി പി ദുൽഖിഫിൽ, സെക്രട്ടറിമാരായ മഞ്ജുക്കുട്ടൻ, അനീഷ് കാട്ടാക്കട,പാളയം ശരത്, മഹേഷ് ചന്ദ്രൻ എന്നിവരാണ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസന് കത്തയച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേക സമിതിക്കുപോലും അച്ചടക്കം ലംഘനം നടത്തിയ ആളെ കണ്ടെത്താനായില്ലെന്നും കത്തിൽ പറയുന്നു. ദേശീയ നേതൃത്വത്തിന്‍റെ നിലപാട് അറിഞ്ഞശേഷം ഓദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചോർന്നതിനെക്കുറിച്ച് പൊലീസ് കേസടക്കം നൽകുന്നതും ആലോചനയിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന്‍റെ ആഹ്വാനപ്രകാരമാണെന്ന് വ്യക്തമാക്കുന്ന ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ തെളിവിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ശബരിനാഥിന് ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു. അതേസമയം, സംഭവത്തിൽ സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.