തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിനെതിരെ പ്രതികരണവുമായി എൻ എസ് നുസൂർ. ദേശിയ നേതൃത്വത്തിന്‍റെ തീരുമാനത്തെ അംഗീകരിക്കുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. എങ്കിലും സസ്പെന്‍ഷന്‍ പിന്‍വലിക്കും വരെ തലകുനിച്ച് നില്‍ക്കില്ലെന്നും നുസൂര്‍ പറഞ്ഞു. തനിക്കെതിരെ നടപടിയുണ്ടായതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് പങ്കുണ്ടെന്ന് കരുതുന്നില്ല. എങ്കിലും സംസ്ഥാന നേതൃത്വത്തിന് എതിരെ പരാതി നല്‍കിയതിന്‍റെ ഭാഗമായാണ് നടപടിയുണ്ടായിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നുസൂര്‍ കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക വാട്ട്സ് ആപ് ഗ്രൂപ്പിലെചാറ്റ് ചോർന്നത് എങ്ങനെ എന്ന് കണ്ടെത്തണം. അതിനുള്ള നടപടി സ്വീകരിക്കാന്‍ നേതൃത്വം തയ്യാറാകണം. ചാറ്റ് ചോര്‍ത്തിയവരെ കണ്ടെത്താന്‍ ആവശ്യമായ തെളിവുകള്‍ നല്കാന്‍ തയ്യാറാണ്. അഖിലേന്ത്യാ നേതൃത്വം ഈ വിഷയത്തില്‍ ഇതുവരെ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ കാര്യങ്ങൾ നേതൃത്വത്തെ അറിയിക്കും. സിപിഎമ്മിലേക്ക് താന്‍ പോകുമെന്നത് തെറ്റായ പ്രചരണം മാത്രമാണ്. അത്തരമൊരു തീരുമാനമെടുക്കുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ്. ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നപ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത് - നുസൂര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശബരിനാഥിന്‍റെ ചാറ്റ് ചോര്‍ന്ന സംഭവത്തിലാണ് ഉപാധ്യക്ഷന്മാരായ എന്‍എസ് നുസൂര്‍ എസ്എം ബാലു എന്നിവര്‍ക്കെതിരെ സംസ്ഥാന നേതൃത്വം നടപടി എടുത്തത്. ഇരുവരെയും ഭാരവാഹി സ്ഥാനങ്ങളില്‍ നിന്നും നീക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വട്സാപ്പ് ഗ്രൂപ്പില്‍ നിന്നും ചാറ്റ് ചോര്‍ന്ന വിഷയം ഷാഫി പറമ്പില്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേശിയ നേതൃത്വത്തിന് ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ കത്തയച്ചിരുന്നു. ഇതില്‍ എന്‍എസ് നുസൂറും എസ്എം ബാലുവും ഒപ്പുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരെയും സംഘടനാ നേതൃത്വത്തില്‍ നിന്നും നീക്കം ചെയ്തതായി അറിയിച്ചത്.