ബംഗളുരു: ബിജെപി കര്‍ണാടകാ നേതൃത്വത്തെ വെട്ടിലാക്കി യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയുടെ ഓഡിയോ ക്ലിപ്പ്. കോണ്‍ഗ്രസായിരുന്നു ഭരണത്തിലെങ്കില്‍ യുവമോര്‍ച്ചാ നേതാവിന്റെ മരണത്തില്‍ കല്ലെറിഞ്ഞെങ്കിലും പ്രതിഷേധിക്കാമായിരുന്നു എന്ന് തേജസ്വി സൂര്യ പറയുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വെട്ടേറ്റ് കൊല്ലപ്പെട്ടതിനുപിന്നാലെ രാജിവെച്ച ചിക്മംഗളുരു ബിജെപി പ്രസിഡന്റ് സന്ദീപ് കുമാറുമായി സംസാരിക്കുമ്പോഴായിരുന്നു തേജസ്വി സൂര്യയുടെ പരാമര്‍ശം.
'നിങ്ങള്‍ പറയുന്നത് എനിക്ക് മനസിലാവുന്നുണ്ട്. നിങ്ങളേക്കാല്‍ പത്തിരട്ടി കൂടുതല്‍ ദേഷ്യമുണ്ട് എനിക്ക്. കോണ്‍ഗ്രസായിരുന്നു ഇവിടെ ഭരിക്കുന്നതെങ്കില്‍ നമുക്ക് കല്ലെറിഞ്ഞെങ്കിലും പ്രതിഷേധിക്കാമായിരുന്നു. നമ്മുടെ സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുളളത്. പാര്ട്ടിക്കാര് എന്ന നിലയില്‍ മുഖ്യമന്ത്രിയോട് സംസാരിച്ചുവേണം നടപടിയെടുക്കാന്‍. ഈ പ്രശ്നം വഷളാവാതെ നോക്കണം. എല്ലാം പാര്‍ട്ടിക്കുളളില്‍തന്നെ ഒതുങ്ങണം'-എന്നാണ് തേജസ്വി സൂര്യ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിനുപിന്നാലെ കര്‍ണാടകയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി യുവമോര്‍ച്ച നേതാക്കളും പ്രവര്‍ത്തകരും രാജിവെച്ചിരുന്നു. പ്രതികളെ എത്രയുംവേഗം കണ്ടെത്താനും പരമാവധി ശിക്ഷ നല്‍കാനും സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു രാജി. ഇതിന്റെ ഭാഗമായാണ് ചിക്മംഗളുരു ബിജെപി പ്രസിഡന്റ് സന്ദീപ് കുമാര്‍ രാജിവെച്ചത്. ഇയാളെ രാജിവെക്കുന്നതില്നിന്ന് പിന്തിരിപ്പിക്കാനായാണ് തേജസ്വി സൂര്യ ഫോണില്‍ വിളിച്ചതെന്നാണ് വിവരം.