പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മധുവിനെ കൊന്ന കേസിലെ പ്രതികളിലൊരാളായ അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാനാണ് അറസ്റ്റിലായത്. ചിണ്ടക്കിയിലെ വൈദ്യശാലയില്നിന്നാണ് അഗളി ഡി വൈ എസ് പിയും സംഘവും ഇയാളെ പിടികൂടിയത്. വീട്ടിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് മധുവിന്റെ അമ്മയും സഹോദരിയും നേരത്തെ അഗളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഷിഫാനെ പിടികൂടിയത്.
കേസില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ചിലര്‍ തങ്ങളെ ഭീഷണിപ്പെടുത്തി എന്നാണ് മധുവിന്റെ അമ്മയും സഹോദരിയും നല്കിയ പരാതിയില്‍ പറയുന്നത്. കേസില്‍നിന്ന് പിന്മാറിയില്ലെങ്കില് ജീവനോടെയുണ്ടാകില്ലെന്ന് ഒരാള്‍ പറഞ്ഞു. നാല്‍പ്പത് ലക്ഷം രൂപ വിലയുളള വീട് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തതായും അവര്‍ പരാതിയില്‍ ആരോപിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, മധുവിന്റെ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നിരുന്നുവെന്ന് സ്പെഷ്യല്‍ പ്രോസിക്ക്യൂട്ടര്‍ അഡ്വ. രാജേഷ് എം മേനോന് പറഞ്ഞു. ഇതുസംബന്ധിച്ച് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ സാക്ഷികളെ ഫോണില്‍ ബന്ധപ്പെടരുതെന്ന നിര്‍ദേശം ലംഘിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.