LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രധാനമന്ത്രീ, നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും തമ്മിലുളള വ്യത്യാസം ജനങ്ങൾ കാണുന്നുണ്ട്- രാഹുൽ ഗാന്ധി

ഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് വിധിച്ച പതിനൊന്ന് പ്രതികളെയും ഗുജറാത്ത് സർക്കാർ മോചിപ്പിച്ചതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പറയുന്നതും പ്രവർത്തിക്കുന്നതും എന്താണെന്ന് രാജ്യം കാണുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 'അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവരുടെ മൂന്നുവയസുളള മകളെ കൊലപ്പെടുത്തുകയും ചെയ്തവരെ 'ആസാദി കാ അമൃത് മഹോത്സ'വിനിടെ മോചിപ്പിച്ചു. സ്ത്രീശക്തിയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്ന നിങ്ങൾ ഇതിലൂടെ എന്ത് സന്ദേശമാണ് അവർക്ക് നൽകുന്നത്? പ്രധാനമന്ത്രീ, നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും തമ്മിലുളള വ്യത്യാസം ജനങ്ങൾ കാണുന്നുണ്ട്'-രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചിരുന്നു. കുറ്റവാളികളെ മോചിപ്പിച്ചത് വിവേകശൂന്യമായ നടപടിയാണെന്നും അനീതിയാണെന്നുമാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. 'ഗര്‍ഭിണിയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതിനും അവരുടെ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയതിനും എല്ലാ കോടതികളും ശിക്ഷിച്ച കുറ്റവാളികളെ ബിജെപി സര്‍ക്കാര്‍ മോചിപ്പിച്ചു. ഇത് വിവേകശൂന്യതയുടേയും അനീതിയുടേയും അങ്ങേയറ്റമാണ്. പ്രധാനമന്ത്രീ, സ്ത്രീകള്‍ക്ക് പ്രസംഗങ്ങളില്‍ മാത്രമാണോ ബഹുമാനം ലഭിക്കുക? രാജ്യത്തെ സ്ത്രീകള്‍ നിങ്ങളോട് ചോദിക്കുകയാണ്'-എന്നാണ് പ്രിയങ്ക ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് കുറ്റവാളികളെ മോചിപ്പിച്ചത്. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്.

2008-ല്‍ മുംബൈയിലെ സി ബി ഐ കോടതിയാണ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബില്‍ക്കിസ് ബാനു നടത്തിയ നിയമപോരാട്ടത്തെത്തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

Contact the author

National Desk