ദുബായ്: യുഎഇ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മലയാളി. കണ്ണൂര്‍ തലശേരി സ്വദേശി സി പി റിസ്വാനാണ് യുഎഇ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്. നാളെ (ഓഗസ്റ്റ് 20)-ന് ഒമാനില്‍ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തില്‍ റിസ്വാനായിരിക്കും യുഎഇ ടീമിനെ നയിക്കുക. യോഗ്യത നേടിയാല്‍ 27-ന് ആരംഭിക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമെതിരെ യുഎഇയ്ക്ക് മത്സരിക്കാനാവും. യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മലയാളി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ചിരാഗ് സൂരി, അഹമ്മദ് റാസാ, ഫഹദ് നവാസ്, വൃത്യ അരവിന്ദ്, ബാസില്‍ ഹമീദ്, റോഹന്‍ മുസ്തഫ, മുഹമ്മദ് വസീം, സുല്‍ത്താന്‍ അഹമ്മദ്, സവാര്‍ ഫരീദ്, കാഷിഫ് ദാവൂദ്, കാര്‍ത്തിക് മെയ്യപ്പന്‍, സഹൂര്‍ ഖാന്‍, ജുനൈദ് സിദ്ദിഖ്, ആര്യന്‍ ലക്ര, അലിഷന്‍ ഷറഫു, സാബിര്‍ അലി എന്നിവരാണ് യുഎഇ ദേശീയ ക്രിക്കറ്റ് ടീമിലെ മറ്റ് അംഗങ്ങള്‍. ടീമിലെ ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു എന്നിവരും മലയാളികളാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയുളള ഏക മലയാളി ക്രിക്കറ്റ് താരമാണ് സി പി റിസ്വാന്‍. തലശേരി സ്വദേശി അബ്ദു റഊഫിന്റെയും നസ്രീന്റെയും മകനായ റിസ്വാന്‍ കുടുംബസമേതം യുഎഇയിലാണ് താമസം. 2019-ല്‍ നേപ്പാളിനെതിരായ ഏകദിനത്തില്‍ കളിച്ചായിരുന്നു അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അബുദാബി ശൈഖ് സെയ്ദ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ 136 പന്തില്‍ 109 റണ്‍സ് എടുത്ത റിസ്വാന്റെ പ്രകടനം ലോകശ്രദ്ധ നേടിയിരുന്നു.