ഭോപ്പാല്‍: കൊലക്കേസ് പ്രതിയെ കണ്ടുപിടിക്കാനായി ആള്‍ദൈവത്തിന്റെ സഹായം തേടി പൊലീസ്. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ബമിത പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ ശര്‍മ്മയാണ് പ്രതിയെ പിടിക്കാനായി സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ സഹായംതേടിയത്. പൊലീസ് ഉദ്യോഗസ്ഥന്‍ ആള്‍ദൈവത്തിന്റെ കാല്‍ച്ചുവട്ടിലിരിക്കുന്ന വീഡിയോ വൈറലായി. സംഭവം വിവാദമായതോടെ പൊലീസ് സൂപ്രണ്ട് സച്ചിന്‍ ശര്‍മ്മ അനില്‍ ശര്‍മ്മയെയും സ്റ്റേഷന്‍ ചുമതലയുളള ഓഫീസര്‍ പങ്കജ് ശര്‍മ്മയെയും സസ്‌പെന്‍ഡ് ചെയ്തു.
ഛത്തര്‍പൂരില്‍ പതിനേഴുകാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലെ പ്രതിയെ പിടിക്കാനാണ് പൊലീസ് ആള്‍ദൈവത്തിന്റെ സഹായം തേടിയത്. വൈറലായ വീഡിയോയില്‍, ആള്‍ദൈവമായ പണ്ഡോക്കര്‍ സര്‍ക്കാര്‍ എന്നയാള്‍ താന്‍ പൊലീസ് സംശയിക്കുന്ന കുറച്ച് ആളുകളുടെ പേരുകള്‍ പറയുമെന്നും അതില്‍ നിന്ന് പരാമര്‍ശിക്കാന്‍ വിട്ടുപോയ ആളെ പിടിച്ചാല്‍ കേസ് തെളിയുമെന്നും പറയുന്നുണ്ട്. കേസിലെ മുഖ്യപ്രതി മജ്ഗുവന്‍ മേഖലയില്‍നിന്നുളള ആളാണെന്നും അയാളിലേക്കെത്തിയാല്‍ മാത്രമേ കേസ് അവസാനിക്കുകയുളളു എന്നും ആള്‍ദൈവം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂലൈ 28-ന് ഒട്ടപുര്‍വ ഗ്രാമത്തിലാണ് പതിനേഴുകാരിയുടെ മൃതദേഹം കിണറ്റില്‍നിന്ന് ലഭിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഗ്രാമവാസികളായ രവി അഹിര്‍വാര്‍, രാകേഷ് അഹിര്‍വാര്‍, അമന്‍ എന്നിവരാണ് കൊലപാതകത്തിനുപിന്നില്‍ എന്നാരോപിച്ച് പൊലീസിനെ സമീപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ മൂവരെയും വിട്ടയക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനായി പൊലീസ് ആള്‍ദൈവത്തിന്റെ സഹായം തേടിയത്.