ഷിംല: ഗ്രൂപ്പിസം പാര്‍ട്ടിയുടെ വളര്‍ച്ചയെ സഹായിക്കില്ലെന്നും തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടാന്‍ കാരണമാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ. ബുധനാഴ്ച ഷിംല സന്ദർശിച്ച അദ്ദേഹം ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫിസിലെത്തി സംസ്ഥാന അധ്യക്ഷ പ്രതിഭ വീർഭദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചതിന് ശേഷം സ്വന്തം സംസ്ഥാനത്ത് അദ്ദേഹം പങ്കെടുക്കുന്ന ആദ്യ യോഗമാണിത്.
'ഞാന്‍ സ്റ്റിയറിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും ഒരു വിശ്വസ്ത കോൺഗ്രസുകാരനായി പ്രവര്‍ത്തിക്കുകയും പ്രചരണം നടത്തുകയും ചെയ്യും. കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യും. ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ട സമയമായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരമേല്‍ക്കണം. അതിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിലനില്‍ക്കണം. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസം കോണ്‍ഗ്രസിനെ തകര്‍ക്കും. ഗ്രൂപ്പിനപ്പുറത്തേക്ക് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് നേതാക്കളില്‍ നിന്നുമുണ്ടാകേണ്ടത്' - ആനന്ദ് ശർമ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാർട്ടിക്കുള്ളിലെ ആഭ്യന്തര മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കുമായി മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ ഞങ്ങൾ തുടരും. നമ്മെളെല്ലാം കോൺഗ്രസുകാരാണ്. കോൺഗ്രസ് പാർട്ടി ശക്തമാക്കുക എന്നതാണ് പ്രധാനം. സംഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. കോണ്‍ഗ്രസിലെ വിമതരല്ല ഞങ്ങള്‍, പരിഷ്കരണവാദികളാണ്. പാര്‍ട്ടിയുടെ ഭരണഘടന പിന്തുടരാന്‍ ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റെന്നും ആനന്ദ് ശര്‍മ ചോദിച്ചു. 2024 ലെ തെരഞ്ഞെടുപ്പില്‍ മത്സരം അരവിന്ദ് കേജ്രിവാളും നരേന്ദ്ര മോദിയും തമ്മിലായിരിക്കുമെന്ന മനീഷ് സിസോദിയയുടെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാവര്‍ക്കും സ്വപ്നം കാണാനും ആഗ്രഹങ്ങള്‍ പറയാനും സാധിക്കുമെന്നുമാണ് ആനന്ദ് ശര്‍മ മറുപടി നല്‍കിയത്.