ഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അതിക്രൂരമായ ബാലാല്‍ക്കാരത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന് നീതി ലഭിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ബില്‍ക്കിസ് ബാനുവിന്റെ കുടുംബത്തിലെ 14 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാര്‍ മൗനം പാലിക്കുന്നത് നീതിനിഷേധത്തിന്‍റെ ഉത്തമ ഉദ്ദാഹരണമാണെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 15 വർഷത്തെ ജയിൽവാസത്തിന് ശേഷം ഗുജറാത്ത് സർക്കാരിന്റെ റിമിഷൻ പോളിസി പ്രകാരം 11 കുറ്റവാളികളെ ഓഗസ്റ്റ് 15 നാണ് വിട്ടയച്ചത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
സ്വാതന്ത്ര്യ ദിനത്തില്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ബില്‍ക്കിസ് ബാനുവിനെ ക്രൂരമായി ബാലാല്‍ക്കാരത്തിന് ഇരയാക്കിയ പ്രതികളെ വിട്ടയക്കുവാന്‍ അനുവാദം നല്‍കി. സി ബി ഐ കോടതി ശിക്ഷിച്ച പ്രതികളെ വിട്ടയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കണമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. രാജ്യത്തെ സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ട്. നീതിക്കുവേണ്ടി പോരാടാൻ അവസാന നിരയിൽ നിൽക്കുന്ന സ്ത്രീക്ക് പോലും ഭരണഘടന ധൈര്യം നൽകുന്നു. ബിൽക്കിസ് ബാനുവിന് നീതി നൽകുക - പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്. 2008-ല്‍ മുംബൈയിലെ സി ബി ഐ കോടതിയാണ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബില്‍ക്കിസ് ബാനു നടത്തിയ നിയമപോരാട്ടത്തെത്തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.