കോഴിക്കോട്: എം വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പളളി രാമചന്ദ്രൻ. ഒരു ഏകാധിപത്യ പാര്‍ട്ടിയുടെ എല്ലാ ഗുണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ തെരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കും. എല്ലാത്തിലും സർവജ്ഞനായ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍റെ പേര് നിര്‍ദ്ദേശിച്ചു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഈ തീരുമാനത്തെ അനുകൂലിച്ചു. അതോടെ കോടിയേരി മാറി എം വി ഗോവിന്ദൻ സെക്രട്ടറിയായി. ചര്‍ച്ചയിലൂടെയുള്ള തെരഞ്ഞെടുപ്പായിരുന്നില്ല കഴിഞ്ഞ ദിവസം കണ്ടത്. ഈ കൂട്ടരാണ് കോൺഗ്രസിനെ ജനാധിപത്യം പഠിപ്പിക്കുന്നതെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരാമര്‍ശം. പയ്യോളിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന പി കെ ഗംഗാധരന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യം മൂലം പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ആരോഗ്യം മോശമായതിനാല്‍ നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ച് കുറച്ച് നാള്‍ കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ ചികിത്സക്കായി ചെന്നൈയിലേക്ക് പോകുന്നതിന് മുന്‍പ് കോടിയേരി ബാലകൃഷ്ണന്‍ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് എം വി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറി തെരഞ്ഞെടുത്തത്. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എം എ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തിയിരുന്നു.