പത്തനംതിട്ട: ആദ്യമായി വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് പാമ്പുപിടിച്ച് വാവ സുരേഷ്. പത്തനംതിട്ട കോന്നിയിലാണ് ജനവാസ മേഖലയില്‍ കണ്ടെത്തിയ രാജവെമ്പാലയെ വനംവകുപ്പിന്റെ ഉപകരണങ്ങളുപയോഗിച്ച് വാവ സുരേഷ് പിടിച്ചത്. സേഫ്റ്റി ബാഗും ഹുക്കുമുള്പ്പെടെയുളള ഉപകരണങ്ങളുപയോഗിച്ചാണ് പാമ്പിനെ പിടിച്ചത്. വനംവകുപ്പിന്റെ നിയമങ്ങള്‍ പാലിച്ചോ, ശാസ്ത്രീയമായോ അല്ല വാവ സുരേഷ് പാമ്പുപിടിക്കുന്നതെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അതിനുപിന്നാലെയാണ് അദ്ദേഹം നിയമങ്ങള്‍ പാലിച്ച് പാമ്പുപിടിക്കുന്ന രീതിയിലേക്ക് മാറിയത്.
അതേസമയം, വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് പാമ്പുപിടുത്തം പുനരാരംഭിച്ച വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന് രംഗത്തെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ച് ഇനി വനംവകുപ്പ് നിയമങ്ങള്‍ പാലിച്ചായിരിക്കും പാമ്പുപിടിക്കുക എന്ന് വാവ സുരേഷ് വാക്കുതന്നിരുന്നെന്നും അത് പാലിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വി എന്‍ വാസവന് പറഞ്ഞു. ഇനിമുതലുളള രക്ഷാപ്രവര്‍ത്തനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകാന്‍ കഴിയട്ടെ എന്നും കേരളത്തിലെ എല്ലാ അനിമല്‍ റെസ്ക്യൂവേഴ്സും ഈ മാതൃക പിന്തുടരണമെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജനുവരി 31-ന് കോട്ടയത്തുവെച്ച് മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് ഫെബ്രുവരി ഏഴിനാണ് ആശുപത്രി വിട്ടത്. കുറച്ചുനാളത്തെ വിശ്രമത്തിനുശേഷം വാവ സുരേഷ് വീണ്ടും പാമ്പുപിടുത്തത്തില്‍ സജീവമായിരുന്നു. എന്നാല്‍ പാമ്പുപിടിക്കുന്ന രീതിക്ക് മാറ്റമുണ്ടായിരുന്നില്ല. കോന്നി മണ്ണീറയില്‍ രാജവെമ്പാലയെ കണ്ട വിവരം നാട്ടുകാര്‍ അറിയിച്ചപ്പോള്‍ ചിറ്റാറലിയുണ്ടായിരുന്ന സുരേഷ് സ്ഥലത്തെത്തിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി കാത്തുനില്ക്കുകയും തുടര്‍ന്ന് വനംവകുപ്പിന്റെ ഉപകരണങ്ങളുപയോഗിച്ച് പാമ്പിനെ പിടികൂടുകയുമായിരുന്നു.