ഡല്‍ഹി: രാജ്യതലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്പഥിന്റെ പേര് മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്പഥ് ഇനിമുതല്‍ കര്‍ത്തവ്യപഥ് എന്നായിരിക്കും അറിയപ്പെടുക. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുളള പാതയുടെ പേരാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റുന്നത്. സെപ്റ്റംബര്‍ എട്ടുമുതല്‍ രാജ്പഥ് കര്‍ത്തവ്യപഥായി അറിയപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊളോണിയല്‍ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. കൊളോണിയല്‍ കാലത്തിന്റെ ഓര്‍മ്മകളുടെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു.
ഇന്ത്യയുടെ ഭരണസിരാ കേന്ദ്രമുള്‍പ്പെടെ സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കാനിരിക്കെയാണ് രാജ്പഥിന്റെ പേരുമാറ്റുന്നത്. നരേന്ദ്രമോദി അധികാരത്തിലേറിയതിനുശേഷം പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെടുന്ന റേസ് കോഴ്‌സ് പാതയുടെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി മാറ്റിയിരുന്നു. ഔറംഗസേബ് റോഡിനെ ഡോ. എ പി ജെ അബ്ദുള്‍ കലാം റോഡ് എന്നും തീര്‍മൂര്‍ത്തി ചൗക്കിനെ തീര്‍മൂര്‍ത്തി ഹൈഫെ ചൗക്ക് എന്നും മോദി പുനര്‍നാമകരണം ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡല്‍ഹിയിലെ ഏറ്റവും ജനപ്രിയമായ റോഡുകളിലൊന്നായ രാജ്പഥ് നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ സ്ഥലം കൂടിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് കിംഗ്‌സ് വേ എന്നറിയപ്പെട്ടിരുന്ന ഈ പാത സ്വാതന്ത്ര്യത്തിനുശേഷമാണ് രാജ്പഥ് എന്ന് പുനര്‍നാമകരണം ചെയ്തത്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിന പരേഡ് രാജ്പഥ് വഴിയാണ് കടന്നുപോവുക.